ചെന്നൈ: കര്‍ണാടകയ്ക്ക് പിന്നാലെ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പരിശോധന കര്‍ശനമാക്കി തമിഴ്‌നാടും പശ്ചിമ ബംഗാളും. തമിഴ്‌നാട്ടില്‍ ഏഴു ദിവസത്തെ ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി.
അതിര്‍ത്തികളില്‍ കര്‍ശന പരിശോധനത്താനും യാത്രക്കാരെ നിരീക്ഷിക്കാനും തീരുമാനമായി. അതേസമയം, ബംഗാളില്‍ ആര്‍ടിപിസിആര്‍ രേഖ നിര്‍ബന്ധമാക്കി. ഈ മാസം 27 മുതലാണ് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന ഫലമാണ് നിര്‍ബന്ധമാക്കിയത്. കര്‍ണാടക, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, മണിപ്പൂര്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് ബംഗാളിലും യാത്രാനിയന്ത്രണം.
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് തമിഴ്നാട് സര്‍ക്കാരും പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്നു വരുന്നവര്‍ക്ക് ഏഴുദിവസത്തെ ഹോം ക്വീറന്റീന്‍ നിര്‍ബന്ധമാക്കിയതാണ് മറ്റൊരു സുപ്രധാന തീരുമാനം.
കഴിഞ്ഞ ദിവസം മുതല്‍ കര്‍ണാടക അതിര്‍ത്തിയില്‍ പരിശോധന ആരംഭിച്ചിരുന്നു. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ദക്ഷിണ കന്നഡ ജില്ലയിലെ 12 അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ അടച്ചതായും ബാക്കിയുള്ള അഞ്ച് ചെക്ക്‌പോസ്റ്റുകളില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരെ മാത്രം കടത്തിവിടാനുമാണ് കര്‍ണാടകയുടെ തീരുമാനം.