തൃശൂര്‍: പൂരം തകര്‍ക്കാന്‍ ഡി.എം.ഒ ശ്രമിക്കുകയാണെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം രംഗത്ത്. പൂരത്തിന് ആളുകളെ നിയന്ത്രിക്കണമെന്ന ഡിഎംഒയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചതിന് പിന്നാലെയാണ് ആരോപണം.
ഊതിപ്പെരുപ്പിച്ച കണക്കാണ് ഡിഎംഒ സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. പൂരത്തിന് ആളുകളെ നിയന്ത്രിക്കാന്‍ ദേവസ്വങ്ങള്‍ തയാറാണ്. ആചാരങ്ങളെല്ലാം പാലിച്ച് പൂരം നടത്തണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും പാറമേക്കാവ് ദേവസ്വം വ്യക്തമാക്കി.
കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍പൂരം നിയന്ത്രണങ്ങളോടെ നടത്തിയില്ലെങ്കില്‍ വലിയ വിപത്താകുമെന്നും പൂരം സാധാരണപോലെ നടത്താനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് തൃശൂര്‍ ഡിഎംഒ ആവശ്യപ്പെട്ടിരിന്നു. സാധാരണപോലെ പൂരം നടന്നാല്‍ അപകടകരമായ സ്ഥിതിയിലേക്ക് സംസ്ഥാനം മാറും.
ഒന്നര വര്‍ഷമായി സംസ്ഥാനം നടത്തുന്ന കോവിഡ് പ്രതിരോധമെല്ലാം പാളിപ്പോകുമെന്നും 20,000 പേര്‍ക്കെങ്കിലും രോഗബാധയുണ്ടാകുമെന്നും 10 ശതമാനം രോഗികള്‍ മരിക്കുമെന്നുമാണ് മുന്നറിയിപ്പ്. പൂരം നടത്തിപ്പില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുന്നില്ലെങ്കില്‍ ഉത്തരവാദിത്വം ആരോഗ്യവകുപ്പിന് ആയിരിക്കില്ലെന്നാണ് ഡിഎംഒയുടെ നിലപാട്.