കായംകുളം: വള്ളികുന്നത്ത് 15 വയസുകാരന് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി പോലീസില്‍ കീഴടങ്ങി. ആര്‍എസ്എസ് പ്രവര്‍ത്തകനായ സജയ് ജിത്താണ് എറണാകുളം പാലാരിവട്ടത്തെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
സജയ് ജിത്ത് ഉള്‍പ്പടെ അഞ്ച് പ്രതികളാണ് കേസിലുള്ളത്. ഇവരെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അതേസമയം, അഭിമന്യുവിനൊപ്പമുണ്ടായിരുന്ന കാശിയുടെയും ആദര്‍ശിന്റെയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.
ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയത്. വള്ളികുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ക്ഷേത്രത്തിന് കിഴക്കുവശത്തെ മൈതാനത്തു വച്ചാണ് അഭിമന്യുവിന് കുത്തേറ്റത്.
ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അഭിമന്യുവിന്റെ സഹോദരനും ആര്‍എസ്എസ് പ്രവര്‍ത്തകരും തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്നും ഈ വൈരാഗ്യത്തെത്തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെ അഭിമന്യുവിന് കുത്തേല്‍ക്കുകയായിരുന്നു എന്നുമാണ് പൊലീസ് ഭാഷ്യം. അഭിമന്യുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. പാര്‍ട്ടി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിക്കുന്നത്.