ഇടുക്കി: ഇടുക്കിയില്‍ ആന്റിജന്‍ ടെസ്റ്റ് അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബോഡിമെട്ട് ചെക്ക് പോസ്റ്റിലാണ് സംഭവം. ഉപയോഗിച്ച നിലയിലുള്ള കൈയുറകള്‍, സ്ട്രിപ്പുകള്‍, പഞ്ഞി, മരുന്ന് കുപ്പികള്‍ എന്നിവയാണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തിയെങ്കിലും അകത്തേയ്ക്ക് പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
പതിനേഴ്, പതിനെട്ട് തീയതികളിലാണ് കമ്പംമേട്ട്, ബോഡിമെട്ട് ചെക്ക് പോസ്റ്റുകളില്‍ കൊവിഡ് പരിശോധന നടത്തിയത്. ബോഡിമെട്ട് ചെക്ക് പോസ്റ്റില്‍ 199 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ പത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ പരിശോധനയ്ക്കുപയോഗിച്ച വസ്തുക്കളാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി ആരോപണം ഉയര്‍ന്നു. അണുനശീകരണം നടത്തിയ ശേഷം ആളുകളെ പ്രവേശിപ്പിച്ചാല്‍ മതിയെന്നനിലപാടിലാണ് പോലീസ്.