കൊവിഡ്; രാജ്യവ്യാപക നിയന്ത്രണങ്ങള്‍ ആലോചിക്കണമെന്ന് ഉന്നതാധികാര സമിതി

India Latest News

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യ വ്യാപക നിയന്ത്രണങ്ങള്‍ ആലോചിക്കണം എന്ന് നിര്‍ദേശം. നീതി ആയോഗ് അംഗം ഡോ. വി.കെ.പോള്‍ അടങ്ങിയ ഉന്നതാധികാര സമിതിയുടെതാണ് നിര്‍ദേശം. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകാന്‍ ആഴ്ചകള്‍ വേണ്ടി വരും. കൂടുതല്‍ അതിതീവ്ര വ്യാപനത്തിന് സാധ്യതയുണ്ട്. നിയന്ത്രണങ്ങള്‍ കടുപ്പിച്ചില്ലെങ്കില്‍ പ്രതിദിന കണക്കുകള്‍ കുറയില്ല. കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ എര്‍പ്പെടുത്തെണ്ടതാണ് സാഹചര്യമെന്നും സമിതി.

അതേസമയം രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഒഴിവാക്കാന്‍ ഉള്ള അവസാന ശ്രമങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍. കര്‍ശന പ്രാദേശിക നിയന്ത്രണങ്ങളിലൂടെ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങള്‍ അതിതീവ്രവ്യാപന മേഖലകളായി കണക്കാക്കി പ്രതിരോധ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.

അവസാന ഒരാഴ്ചക്കിടെ ജില്ലകളിലെ ആശുപത്രികളില്‍ കൊവിഡ് ബാധിച്ച കിടപ്പ് രോഗികളില്‍ 60 ശതമാനത്തിലധികം വര്‍ധനവുണ്ടായാല്‍ അത്തരം പ്രദേശങ്ങള്‍ അതിതീവ്ര കൊവിഡ് വ്യാപനമേഖലയായി കണക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദ്ധേശം ആവശ്യപ്പെടുന്നു. ഇത്തരം ജില്ലകളും മേഖലകളും ഇനി മുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കണമെന്നാണ് നിര്‍ദേശം.

സ്ഥിതി ഗുരുതരമാണെന്ന് ബോധ്യപ്പെട്ടാല്‍ സംസ്ഥാന സര്‍ക്കാറുകള്‍ 14 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണം. ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മെയ് 31 വരെ പ്രാബല്യത്തില്‍ ഉണ്ടാകും. നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശം പ്രായോഗിക തലത്തില്‍ കൂടുതല്‍ ശക്തമാക്കാനാണ് പുതിയ ഉത്തരവ് വഴിയുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യം. ദുരന്തനിവാരണ ആക്ട് 2005 പ്രകാരം ആണ് അഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *