ആരു വാഴും, ആരു വീഴും; കണ്ണുംനട്ട് രാഷ്ട്രീയ കേരളം

Kerala Latest News

തിരുവനന്തപുരം: സംസ്ഥാനത്തു തുടര്‍ഭരണം വരുമോ ഭരണമാറ്റമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍മാത്രം ബക്കി. രാവിലെ എട്ടു മുതല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ എണ്ണിത്തുടങ്ങിയാല്‍ 15 മിനിറ്റിനുള്ളില്‍ ആദ്യ ഫലസൂചനകള്‍ ലഭ്യമാകും. രാവിലെ പത്തോടെ ആദ്യറൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. അതോടെ ട്രെന്‍ഡ് അറിയാം.

ഉച്ചയ്ക്കു മുമ്പുതന്നെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ എണ്ണിത്തീരും. എന്നാല്‍, തപാല്‍ വോട്ടുകള്‍ കൂടി എണ്ണിത്തീരേണ്ടതിനാല്‍ ചെറിയ ഭൂരിപക്ഷമുള്ളവരുടെ വിജയം വ്യക്തമായി പറയാനാവില്ല. സംസ്ഥാനത്തെ 106 മണ്ഡലങ്ങളില്‍ 4,000 5,000 വരെ തപാല്‍ വോട്ടുകളുണ്ട്. അത്തരം സാഹചര്യത്തില്‍ അങ്ങനെയുള്ളവരുടെ അന്തിമഫലം വൈകിയേക്കും.

തപാല്‍ വോട്ടുകള്‍ രാവിലെ എട്ടിന് എണ്ണിത്തുടങ്ങും. ഒരു തപാല്‍ വോട്ട് എണ്ണാന്‍ 40 സെക്കന്‍ഡ് വേണ്ടി വരും. മുഴുവന്‍ തപാല്‍വോട്ടുകളും എണ്ണിത്തീരാന്‍ ഏഴു മുതല്‍ എട്ടു മണിക്കൂര്‍ വരെ വേണ്ടിവരുമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിഗമനം. വൈകുന്നേരത്തോടെ മുഴുവന്‍ ഫലങ്ങളും ലഭ്യമാകും.

ഇവിഎമ്മുകളുടെ ഫലം ഓരോ പത്തു മിനിറ്റിലും ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയാല്‍ സമയം പിന്നെയും നീളും. ഇത്തവണ എല്ലാവര്‍ക്കും വീട്ടിലിരുന്നു മാത്രമേ ഫലം നിരീക്ഷിക്കാന്‍ കഴിയൂ. ആഹ്ലാദ പ്രകടനങ്ങള്‍ നിരോധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *