തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരുമ്പോള്‍ പരിശോധന കര്‍ശനമാക്കി പോലീസ്. തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള യാത്രികര്‍ക്ക് ഇന്നുമുതല്‍ പോലീസ് പാസ് നിര്‍ബന്ധമാണ്. ഇന്നും ജില്ലാ അതിര്‍ത്തി മേഖലകളില്‍ കൂടുതല്‍ പരിശോധനയുണ്ടാകും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി.
ചെക്ക്പോസ്റ്റുകളില്‍ സത്യവാങ്മൂലം പരിശോധിച്ചാണ് ആളുകളെ കടത്തി വിടുന്നത്. അടിയന്തര ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് പൊലീസ് പാസ് നല്കി തുടങ്ങി. അപേക്ഷകരുടെ വിവരങ്ങള്‍ അതത് ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് പരിശോധിച്ചാണ് പാസ് നല്‍കുന്നത്. അവശ്യ സര്‍വീസ് ആണെങ്കിലും ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവര്‍ക്ക് പാസിനായി അപേക്ഷിക്കാം. ജില്ല വിട്ടുള്ള അവശ്യ യാത്രികര്‍ക്ക് ഇ-പാസ് വേണം. പാസ് ഡൗണ്‍ലോഡ് ചെയ്ത് മൊബൈലില്‍ പൊലീസുകാരെ കാണിക്കാം.
അനാവശ്യ യാത്ര നടത്തുന്നവര്‍ക്കെതിരെയും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. ലോക്ക്ഡൗണിന്റെ ആദ്യ ദിവസമായ ഇന്നലെ ജനങ്ങള്‍ സഹകരിക്കുന്ന കാഴ്ചയാണ് കണ്ടത്.