കൊച്ചി: വിസമയ കേസില്‍ എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. സ്ത്രീധന പീഡന മരണകുറ്റം നിലനില്‍ക്കില്ലെന്ന് കിരണ്‍ കുമാര്‍ ഹര്‍ജിയില്‍ പറയുന്നു.
കേസിലെ അന്വേഷണം നിര്‍ത്തിവയ്ക്കണമെന്ന് കിരണ്‍ കുമാര്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇതിനിടെ കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കിരണിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതോടെ കിരണ്‍ കുമാര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.
പ്രതി മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നയാളാണെന്നും വിഡിയോ ഗെയിമിന് ഉള്‍പ്പെടെ അടിമയാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളി. കൊവിഡ് ബാധിതനായ കിരണ്‍കുമാര്‍ നെയ്യാറ്റിന്‍കര സബ്ജയിലിലാണ്. കൊവിഡ് മുക്തി നേടിയാല്‍ കിരണിനെ വീണ്ടും പോലീസ് കസ്ററഡിയില്‍ വാങ്ങും. വിസ്മയയുടെ വീട്ടിലെത്തി തെളിവെടുപ്പ് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അഡ്വ. ബി.എ ആളൂരാണ് കിരണ്‍കുമാറിന് വേണ്ടി ഹാജരായത്.