കോഴിക്കോട്: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവുവരുത്തി കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തിന്മേല് വ്യാപാരി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് തിരുവനനന്തപുരത്ത് ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ ബക്രീദ്, ഓണം വിപണികളെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഇളവുകള്‍ അനുവദിക്കുമെന്നാണ് സൂചന.
അശാസ്ത്രീയമായ കൊവിഡ് മാനദണ്ഡങ്ങള്‍മൂലം കടകള്‍ തുറക്കാനാകാതെ വലയുന്ന വ്യാപാരികള്‍ ഇന്നലെ മുതല്‍ നടത്താനിരുന്ന സമരം പൊടുന്നനെ പിന്‍വലിച്ചതില്‍ വ്യാപാരികള്‍ക്കിടയില്‍ അതൃപ്തിയുണ്ടായിരുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി.നസിറുദ്ദീന്‍ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചുവെന്ന് ന്യായം പറഞ്ഞ് സമരം അവസാനിപ്പിക്കുകയായിരുന്നു. വ്യാപാരി നേതാക്കളോടോ മറ്റു സംഘടനകളോടോ ആലോചിക്കാതെ പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നുവെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ബുധനാഴ്ച രാവിലെ 11ന് കോഴിക്കോട് കളക്ടറുമായി വ്യാപാരി നേതാക്കള്‍ നടത്തിയ സമവായ ചര്‍ച്ചയില്‍ സമരത്തില്‍നിന്ന് പിന്‍വാങ്ങില്ലെന്ന നിലപാടിലായിരുന്നു വ്യാപാരികള്‍. ചര്‍ച്ചയില്‍ കളക്ടറുമായി ഉടക്കി പുറത്തിറങ്ങിയ നേതാക്കള്‍ വൈകുന്നേരത്തോടെ ടിവി ചാനല്‍വഴിയാണ് സമരം അവസാനിപ്പിച്ചതായുള്ള പ്രസിഡന്റിന്റെ പ്രസ്താവന കാണുന്നത്. ഇതാണ് വ്യാപാരികളില്‍ ചിലരെ പ്രകോപിപ്പിച്ചത്.
മുഖ്യമന്ത്രി നേരിട്ടുവിളിച്ചുവെന്നാണ് നസിറുദ്ദീന്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് യാതൊരു സ്ഥിരീകരണവും വന്നിട്ടില്ല. മുഖ്യമന്ത്രിക്കുവേണ്ടി ചില സിപിഎം നേതാക്കള്‍ നസിറുദ്ദീനുമായി കരാറിലായതാണെന്നും ഇവരാണ് ചര്‍ച്ചയ്ക്ക് കളമൊരുക്കിയതെന്നുമാണ് വിമര്‍ശനം. സമരം പൊളിക്കാന്‍ സിപിഎം നസിറുദ്ദീനെ വിലയ്ക്കെടുത്തതാണെന്നാണ് ഇവരുടെ വാദം.