ടോക്കിയോ: ഒളിമ്പിക്സില്‍ ഇന്ത്യ ആദ്യ മെഡല്‍ സ്വന്തമാക്കി. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ട് മീരാഭായ് ചാനുവാണ് ടോക്കിയോയിലെ ഇന്ത്യയുടെ ആദ്യ മെഡലിന് അവകാശിയായത്. 49 കിലോ വനിതാ വിഭാഗത്തിലാണ് ചാനുവിന്റെ മെഡല്‍ നേട്ടം. 2000-ലെ സിഡ്നി ഒളിമ്പിക്സില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഭാരോദ്വഹനത്തില്‍ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കുന്നത്.
സ്നാച്ചില്‍ 84 കിലോയും പിന്നീട് 87 കിലോയും ഉയര്‍ത്തിയ ചാനു ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലെ ആദ്യ ശ്രമത്തില്‍ 110 കിലോയും പിന്നീട് 115 കിലോയും ഉയര്‍ത്തിയാണ് വെള്ളി ഉറപ്പിച്ചത്.ഈ വിഭാഗത്തില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടി. ആകെ 210 കിലോയാണ് ഷിഹൂയി ഉയര്‍ത്തിയത്. ഇന്തോനീഷ്യയുടെ ഐസ വിന്‍ഡി വെങ്കല മെഡല്‍ സ്വന്തമാക്കി.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടുന്നത്. പി.വി.സിന്ധുവിന് ശേഷം ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടുന്ന ഇന്ത്യന്‍ വനിതകൂടിയാണ് ചാനു.