കുഴല്‍പ്പണം ബി.ജെ.പിയുടേതു തന്നെ; കൊണ്ടുവന്നത് ആര്‍ക്കെന്ന് സുരേന്ദ്രന് അറിയാമെന്ന് മുഖ്യമന്ത്രി

Kerala Latest News

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസിലെ നാലാം പ്രതി ബി.ജെ.പി പ്രവര്‍ത്തകനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിക്ക് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അടക്കമുള്ളവരുമായി അടുപ്പമുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേസ് ഒതുക്കുകയാണെന്ന് ആക്ഷേപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പ്രതിപക്ഷം സംസാരിക്കുന്നത് ബി.ജെ.പിക്ക് വേണ്ടിയാണ്. പണം നഷ്ടമായി എന്നു പറഞ്ഞ ധര്‍മ്മരാജന്‍ ബി.ജെ.പി അനുഭാവിയാണ്. ഇപ്പോള്‍ നല്‍കിയ കുറ്റപത്രം സാധാരണ നടപടിയുടെ ഭാഗമായാണ്. അന്വേഷണം തുടരുകയാണ്. ഇപ്പോള്‍ സാക്ഷികളായ ആരും ഭാവിയില്‍ പ്രതികളാകില്ല എന്ന് പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പണം കൊണ്ടുവന്നത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി കര്‍ണാടകയില്‍ നിന്നാണ്. കര്‍ണാടകയില്‍ നിന്ന് 40 കോടി കൊണ്ടു വന്നു. 17 കോടി വേറെയും സ്വരൂപിച്ചു. പണം കൊണ്ടുവന്നതാര്‍ക്ക് എന്ന് കെ സുരേന്ദ്രന് അറിയാം. കേസില്‍ സാക്ഷിയായത് അതുകൊണ്ടാണ്. കള്ളപ്പണത്തിന്റെ ഉറവിടം സംബന്ധിച്ച് ബിജെപി തന്നെ വിശദീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊടകര കുഴല്‍പ്പണക്കേസില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സ്വമേധയാ കേസെടുത്ത് അന്വേഷിക്കാവുന്നതാണ്. സംസ്ഥാനം വിശേഷിച്ച് കൈമാറേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *