കെന്‍സ വെല്‍നസിന്റെ പേരില്‍ വയനാട്ടില്‍ വന്‍ തട്ടിപ്പ്; ശിഹാബ് ഷാക്കെതിരെ പരാതിയുമായി നിക്ഷേപകര്‍

Kerala Latest News

വയനാട്: വ്യാജ പദ്ധതികളുടെ പേരില്‍ കോടികള്‍ തട്ടിയെടുത്ത തൃശൂര്‍ സ്വദേശിക്കെതിരേ പ്രവാസി മലയാളികള്‍ രംഗത്ത്. തൃശൂര്‍ വെങ്കിടങ്ങ് കണ്ണംകുളങ്ങര ഏറച്ചംവീട്ടില്‍ ഷിഹാബ് ഷാ ആണ് തട്ടിപ്പിന് മുഖ്യസൂത്രധാരന്‍. ഒരേ വസ്തു കാണിച്ച് രണ്ടു പദ്ധതികളുടെ പേരില്‍ ഇയാള്‍ പണം തട്ടുകയായിരുന്നു. പണം നഷ്ടപ്പെട്ടവര്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. കെന്‍സ ഹോള്‍ഡിങ്‌സ് എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനായ ഷിഹാബ് ഷാ എന്ന മുഹമ്മദ് ഷിഹാബാണ് തട്ടിപ്പ് നടത്തിയത്.

ഷിഹാബ് തട്ടിപ്പ് തുടരുന്നതു തടയാന്‍ ഇരകള്‍ വീണ്ടുംരംഗത്തെത്തിയിരിക്കുകയാണ്. കേന്ദ്ര, സംസ്ഥാനമന്ത്രിമാര്‍ക്കൊപ്പവും സെലിബ്രിറ്റികള്‍ക്കൊപ്പവും നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ കാട്ടിയായിരുന്നു ഷിഹാബ് ഷായുടെ തട്ടിപ്പെന്ന് ഇരകള്‍ പറയുന്നു. ഇവര്‍ക്കാര്‍ക്കും തന്നെ ഷിഹാബ് ഷായുടെ പദ്ധതിയുമായി ബന്ധമുണ്ടായിരുന്നില്ലെങ്കിലും ഈ ഫോട്ടോകള്‍ ഇയാള്‍ തട്ടിപ്പിന് ഉപയോഗപ്പെടുത്തുകയായിരുന്നു.

2015ല്‍ ദുബയില്‍ വച്ച് പ്രഖ്യാപിച്ച റോയല്‍ ലീഡോസ് എന്ന പേരില്‍ വില്ലാസ് റിസോര്‍ട്ട് പദ്ധതിയിലാണ് നിരവധി മലയാളികള്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചത്. വയനാട് ജില്ലയിലെ വൈത്തിരിയിലായിരുന്നു പദ്ധതി പ്രദേശം. എന്നാല്‍ ഈ പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല. എന്നുമാത്രമല്ല, 2019ല്‍ വില്ലാസ് റിസോര്‍ട്ട് പദ്ധതിക്കു ചൂണ്ടിക്കാണിച്ച ഭൂമിയില്‍ തന്നെ ഇയാള്‍ കെന്‍സ വെല്‍നസ് സെന്റര്‍ എന്ന പേരില്‍ പുതിയ പദ്ധതിക്കു തുടക്കമിടകുയും ചെയ്തു. കെന്‍സ വെല്‍നസ് സെന്ററിനു വേണ്ടിയും ഷിഹാബ് ഷാ വന്‍തോതില്‍ പണം സ്വരൂപിക്കുകയുണ്ടായി.

വില്ലകള്‍ക്കു വേണ്ടി മുഴുവന്‍ പണവും കൈമാറി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു നല്‍കാതിരിക്കുകയും ചോദിക്കുമ്പോള്‍ ഭീഷണിസ്വരത്തില്‍ സംസാരിക്കുകയും ചെയ്തതോടെയാണ് ഷിഹാബ് ഷാ തങ്ങളെ കബളിപ്പിക്കുകയാണെന്നു നിക്ഷേപകര്‍ക്കു ബോധ്യമാവുന്നത്. തുടര്‍ന്ന് നിക്ഷേപകര്‍ പോലീസിനെയും മുഖ്യമന്ത്രിയുടെ ഓഫിസിനെയും സമീപിച്ചു. പരാതിയില്‍ ഡിജിപി അന്വേഷണ ത്തിന് ഉത്തരവിട്ടു.

ഇതിനിടെ കോടതിയെ സമീപിച്ച ഇരകള്‍ തരിയോട് പഞ്ചായത്തിലെ ഷിഹാബ് ഷായുടെ വസ്തു കണ്ടു കെട്ടുന്നതിന് അനുകൂല ഉത്തരവ് നേടി. സുല്‍ത്താന്‍ ബത്തേരി സബ് കോടതിയാണ് സന്തോഷ് കുമാര്‍, രാജന്‍ നമ്പ്യാര്‍, ലത്തീഫ് അബൂബക്കര്‍ എന്നിവരുടെ പരാതിയില്‍ ഷിഹാബിന്റെ കെട്ടിടവും ഇതു സ്ഥിതി ചെയ്യുന്ന സ്ഥലവും വസ്തുവകകളും കണ്ടുകെട്ടി ഉത്തരവിറക്കിയത്.

കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരകളായിട്ടുണ്ടെന്നു ഷിഹാബ് ഷായ്‌ക്കെതിരേ നിയമപോരാട്ടം നടത്തുന്ന ദുബയ് പ്രവാസികളായ സന്തോഷ് കുമാര്‍, ബൈജു നമ്പ്യാര്‍, ലത്തീഫ് അബൂബക്കര്‍, രാജന്‍ തയ്യുള്ളതില്‍, സബീര്‍ അബൂബക്കര്‍, ബഷീര്‍ അബ്ദുര്‍റഹ്മാന്‍, തോംസണ്‍ കുണ്ടുകുളം എന്നിവര്‍ വ്യക്തമാക്കി. ഇനിയാരും ഷിഹാബിന്റെ തട്ടിപ്പിന് ഇരകളാവാതിരിക്കാനാണ് തങ്ങള്‍ ഇക്കാര്യം പുറത്തുപറയുന്നതെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം വൈത്തിരിയില്‍ ഷിഹാബ് ഷാ നടത്തിയ കെന്‍സ വെല്‍നെസ് സെന്ററിന്റെ നിര്‍മാണത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് തരിയോട് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. വയനാട്ടില്‍ ഈ പ്രദേശത്തു നാലുനിലക്കെട്ടിടമോ അല്ലെങ്കില്‍ 9 മീറ്ററിലധികം ഉയരത്തിലോ കെട്ടിടം നിര്‍മിക്കാന്‍ അനുമതിയില്ല. എന്നാല്‍ ഷിഹാബ് ഷാ നാലുനിലക്കെട്ടിടമാണ് ഇവിടെ നിര്‍മിക്കുന്നത്. ഇതിന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അപ്രൂവല്‍ ആവശ്യമാണ്. എന്നാല്‍ ഇത്തരമൊരു അപേക്ഷ ബന്ധപ്പെട്ട ഓഫിസില്‍ ഷിഹാബ് നല്‍കിയിട്ടുമില്ല. പരാതി വന്നപ്പോള്‍ അടിയിലെ ഒരു നിലമണ്ണിട്ടു നികത്തി മൂന്നുനിലയാക്കി കാണിച്ച് പഞ്ചായത്തില്‍ നിന്ന് കെട്ടിടത്തിന് അനുമതി നേടാനായി പിന്നീട് ഇയാളുടെ ശ്രമം. മണ്ണിട്ട നിലയില്‍ ഇപ്പോഴും അവിടെ കാണാം.

ഷിഹാബ് ഷായുടെ പിതാവ് ഷാഹുല്‍ ഹമീദിനെ വ്യാജ ആധാരം നല്‍കി കാല്‍കോടി രൂപ തട്ടിയ കേസില്‍ പാവറട്ടി പോലീസ് മുമ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൂര്‍ സ്വദേശി ഇല്യാസിന്റെ പരാതിയിലായിരുന്നു നടപടി. നിക്ഷേപങ്ങള്‍ സ്വീകരിച്ചും ബ്ലാങ്ക് ചെക്കുകള്‍ വാങ്ങിയും ഷാഹുല്‍ ഹമീദ് അടങ്ങുന്ന സംഘം പണം തട്ടിയിട്ടുണ്ടെന്നും പാവറട്ടി പൊലീസ് പറഞ്ഞു. ഈ പ്രൊജക്റ്റ് തട്ടിപ്പ് സംബന്ധിച്ചു വിജിലന്‍സ് അന്വേഷണം നടന്നു വരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *