സിസ്റ്റര്‍ ലൂസിക്ക് മഠത്തില്‍ തുടരാമെന്ന് കോടതി

Kerala Latest News

വയനാട്: സിസ്റ്റര്‍ ലൂസിക്ക് മഠത്തില്‍ തുടരാമെന്ന് കോടതി. സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര നല്‍കിയ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നതു വരെ മഠത്തില്‍ തുടരാമെന്ന് മാനന്തവാടി മുന്‍സിഫ് കോടതി ഉത്തരവിട്ടു. മഠത്തില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ സിസ്റ്റര്‍ ലൂസി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

2019 മെയ് 11നാണ് സഭാ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ചും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തില്‍ പങ്കെടുത്തതിനും ലൂസി കളപ്പുരയെ എഫ്സിസി സന്യാസ സമൂഹത്തില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് മഠത്തില്‍ നിന്നും പുറത്താക്കാന്‍ ശ്രമം നടന്നിരുന്നു. ഇതിനെതിരെ സിസ്റ്റര്‍ ലൂസി ഹൈക്കോടതിയെ സമീപിച്ചു. മഠത്തില്‍ നിന്ന് പുറത്തായാല്‍ തനിക്ക് പോകാന്‍ ഇടമില്ലെന്നും തെരുവിലേക്ക് ഇറക്കി വിടരുതെന്നും സിസ്റ്റര്‍ ലൂസി കോടതിയിലും പുറത്തും വ്യക്തമാക്കിയിരുന്നു.

മഠത്തില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന് സിസ്റ്റര്‍ ലൂസി ആവര്‍ത്തിച്ച് അപേക്ഷിച്ചെങ്കിലും ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. സിവില്‍ കോടതിയെ തന്നെ ഇക്കാര്യത്തില്‍ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു കന്യാസ്ത്രീ സ്വന്തം കേസില്‍ സ്വയം വാദിക്കാന്‍ ഹാജരായത്. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് വിധി പറയാനായി മാറ്റിയിരിക്കുകയാണ്. ഈ അന്തിമ വിധി വരും വരെയാണ് സിസ്റ്റര്‍ ലൂസിക്ക് മഠത്തില്‍ തുടരാമെന്ന് മാനന്തവാടി മുന്‍സിഫ് കോടതി ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *