വാഷിംഗ്ടൺ ഡിസി: ചൈനയിലെ നിരവധി യുഎസ് നയതന്ത്രജ്ഞർക്ക് അജ്ഞാതരോഗം ബാധിച്ചു. ഇവരെ കൂടുതൽ നിരീക്ഷണത്തിനായി യുഎസിലേക്കു മടക്കിവിളിക്കുകയാണെന്നുസ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് അറിയിച്ചു. കഴിഞ്ഞവർഷം ക്യൂബയിലെ യുഎസ് നയതന്ത്രജ്ഞർക്കു ബാധിച്ച തരത്തിലുള്ള രോഗമാണു ചൈനയിലും കാണപ്പെട്ടത്. ശബ്ദവീചികൾ ഉപയോഗിച്ചു നടത്തിയ ആക്രമണത്തിന്റെ ഫലമാണു രോഗബാധയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
തെക്കൻ ചൈനയിലെ ഗുവാംഗ്ഷുവിലെ ഒരു അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥനാണ് കഴിഞ്ഞമാസം ആദ്യം രോഗം പിടിപെട്ടത്. ഇതെത്തുടർന്ന് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് പ്രത്യേക മെഡിക്കൽ ടീമിനെ ചൈനയിലേക്ക് അയച്ചു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കൂടുതൽ പേരെ വിശദ പരിശോധനയ് ക്കായി അമേരിക്കയിലേക്ക് മടക്കിക്കൊണ്ടുവരുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് വക്താവ് ഹെദർ ന്യുയർട്ട് വ്യക്തമാക്കി.
തലവേദന, ക്ഷീണം, തലയ്ക്കു ഭാരം, കാഴ്ചത്തകരാർ, കേൾവിത്തകരാർ, ഉറങ്ങാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളാണ് പലരിലും കാണപ്പെട്ടത്. ഇത്തരം ലക്ഷണങ്ങൾ കണ്ടാലുടൻ മെഡിക്കൽ ടീമുമായി ബന്ധപ്പെടണമെന്നു നയതന്ത്രജ്ഞരോട് വാഷിംഗ്ടൺ ആവശ്യപ്പെട്ടു. ഇതേസമയം, ഗുവാംഗ്ഷുവിലെ അമേരിക്കൻ ഉദ്യോഗസ്ഥന്റെ രോഗത്തെക്കുറിച്ച് പ്രാഥമികാന്വേഷണം നടത്തിയെന്നും എന്നാൽ രോഗത്തിനു കാരണം കണ്ടെത്താനായില്ലെന്നും ചൈനീസ് സർക്കാർ വ്യക്തമാക്കി.