വീട്ടമ്മയെ കൊലപ്പെടുത്തിയ മുഖ്യപ്രതി ആദം അലി ചെന്നൈയില്‍ പിടിയില്‍

Kerala Latest News

തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലിട്ട ഇതരസംസ്ഥാന തൊഴിലാളിയായ ആദം അലി പിടിയില്‍. ചെന്നൈയില്‍നിന്ന് ആര്‍പിഎഫാണ് ഇയാളെ പിടികൂടിയത്. ഇയാളെ കേരളത്തിലേക്കെത്തിക്കാന്‍ പൊലീസ് സംഘം ചെന്നൈയിലേക്കു പോയി. ഇന്നലെ വൈകിട്ട് 4.50ന് ആദം അലി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇതരസംസ്ഥാനങ്ങളിലെ പൊലീസിനും സുരക്ഷാ സേനകള്‍ക്കും വിവരം കൈമാറി.
കൊലപാതകം നടത്തിയത് ആദം അലി ഒറ്റയ്ക്കാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം വലിച്ചിഴച്ചു പ്രതി കിണറ്റിലിടുന്ന സിസിടിവി ദൃശ്യങ്ങള്‍ തൊട്ടടുത്തുള്ള വീട്ടില്‍നിന്ന് പൊലീസിനു ലഭിച്ചു. കേശവദാസപുരം രക്ഷാപുരി റോഡില്‍ മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമയെ (68) ആണ് കഴിഞ്ഞ ദിവസം രാത്രി സമീപത്തെ വീട്ടിലെ കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മനോരമയുടെ ഭര്‍ത്താവ് ദിനരാജ് വര്‍ക്കലയിലുള്ള മകളുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. ഉച്ചയോടെ വീട്ടില്‍നിന്ന് നിലവിളി കേട്ടതായി അയല്‍വാസികളാണ് ദിനരാജിനെ അറിയിച്ചത്.
അയല്‍വാസികള്‍ തിരച്ചില്‍ നടത്തിയെങ്കിലും മനോരമയെ കണ്ടത്താനായില്ല. ദിനരാജിന്റെ പരാതിയില്‍ ഇന്നലെ മൂന്നു മണിയോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. രാത്രി 11.30ന് തൊട്ടടുത്തുള്ള വീട്ടിലെ കിണറില്‍നിന്ന് മൃതദേഹം കിട്ടി. അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളാണ് മനോരമയുടെ വീട്ടിനടുത്ത് താമസിച്ചിരുന്നത്. ബംഗാള്‍ സ്വദേശിയായ ആദം അലി പണത്തിനു വേണ്ടി കൊലപാതകം നടത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. മനോരമയുടെ വീട്ടില്‍നിന്നാണ് തൊഴിലാളികള്‍ സ്ഥിരമായി വെള്ളം എടുത്തിരുന്നത്. ദമ്പതിമാരുടെ നീക്കം കൃത്യമായി നിരീക്ഷിച്ചശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *