നിതീഷ് കുമാര്‍ ബിഹാറില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സത്യപ്രതിജ്ഞ ചെയ്തു

India Latest News

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. എട്ടാം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

ഗവര്‍ണര്‍ ഫഗു ചൗഹാനാണ് ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്നതാണ് മഹാസഖ്യം. രാജ്ഭവനിലാണ് ചടങ്ങുകള്‍ നടന്നത്. സ്പീക്കര്‍ പദവിയും ആര്‍ജെഡിക്ക് നല്‍കും. തേജസ്വി യാദവ് ആഭ്യന്തര വകുപ്പ് മന്ത്രിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആര്‍ജെഡിയുടേയും കോണ്‍ഗ്രസിന്റേയും പിന്തുണയോടെയാണ് നിതീഷ് കുമാറിന്റെ പുതിയ സര്‍ക്കാര്‍ രൂപീകരണം നടന്നത്. ബിഹാറില്‍ ആര്‍ജെഡിക്ക് 80 സീറ്റുകളും ബിജെപിക്ക് 77 സീറ്റുകളും ജെഡിയുവിന് 55 സീറ്റും കോണ്‍ഗ്രസിന് 19 സീറ്റുകളുമാണുള്ളത്. ബിജെപിയുമായി മാസങ്ങളായി ജെഡിയു അകല്‍ച്ചയിലാണ്. ഈ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലേതിന് സമാനമായി ബിജെപി വിമത നീക്കം നടത്തി നിതീഷ് കുമാര്‍ സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന ആശങ്ക നിതീഷ് കുമാറിനുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയായിരുന്നു നിതീഷ് കുമാറിന്റെ രാജി.

ബിഹാറിലെ എന്‍ഡിഎ സഖ്യത്തിലെ ഉലച്ചിലിന്റെ ഭാഗമായാണ് നിതീഷ് കുമാര്‍ രാജി വച്ചത്. ജെഡിയു എന്‍ഡിഎയില്‍ നിന്ന് പുറത്തുപോകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് നിതീഷ് കുമാറാണ് എംഎല്‍എമാരെ അറിയിച്ചിരുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മുന്നോട്ടുപോയാല്‍ ബിഹാറിലെ ജനങ്ങള്‍ തങ്ങളെ തള്ളിക്കളഞ്ഞേക്കുമെന്ന് ഭയക്കുന്നതായി നിതീഷ് കുമാര്‍ അറിയിച്ചിരുന്നു. ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപിക്കെതിരെ നിതീഷ് നിലപാട് കടുപ്പിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *