നിപാ ഭീതി അകലുന്നു: പനി ബാധിതരായി ഇന്നലെ ആരുമെത്തിയില്ല

Kerala

കോഴിക്കോട്: നിപാ ഭീതി ഒഴിഞ്ഞതിന്റെ സൂചനയായി ഇന്നലെ ആരും പനി ലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തിയില്ല. നിപായുടെ വരവ് സ്ഥിരീകരിച്ചശേഷം ആദ്യമായാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുതിയ അഡ്മിഷന്‍ ഇല്ലാതിരിക്കുന്നത്. കഴിഞ്ഞദിവസം പനിയുമായി എത്തിയ ഏഴുപേര്‍ക്കും വൈറസ് ബാധയില്ല. ഇവര്‍ ഇന്ന്് ആശുപത്രി വിടും. രോഗികളുമായി സമ്പര്‍ക്കമുണ്ടായെന്ന് കരുതുന്ന 2649 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അവസാനമായി നിപാ റിപോര്‍ട്ട് ചെയ്തത് മെയ് 30നാണ്. അന്നുമുതല്‍  21 ദിവസം ജാഗ്രത തുടരാനാണ് തീരുമാനം. കഴിഞ്ഞ എട്ടുദിവസമായി നിപായുടെ സാന്നിധ്യമില്ല. നിപായെ പൂര്‍ണമായും തുടച്ചുനീക്കിയെന്ന ഔദ്യോഗിക പ്രഖ്യാപനം ഈമാസം 30ന്‌ ശേഷമാകും .

ഇതുവരെ 295 പേരെ പരിശോധിച്ചതില്‍ 278 പേര്‍ക്കും രോഗബാധയില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍  ഡോ. ആര്‍ എല്‍ സരിത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിശോധിക്കപ്പെടാതെ ആദ്യം മരിച്ച മുഹമ്മദ് സാബിത്ത് അടക്കം 17 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. രോഗം ബാധിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ നേഴ്‌സിങ് വിദ്യാര്‍ഥിനി അജന്യയും മലപ്പുറം സ്വദേശി ഉബീഷും കുറച്ചുദിവസംകൂടി ആശുപത്രിയില്‍ തുടരും. ഇവര്‍ക്ക് വേണ്ട തുടര്‍ചികിത്സ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കും.  സ്‌കൂളുകള്‍ 12ന് തുറക്കുന്നതില്‍ മാറ്റമില്ലെന്ന് കലക്ടര്‍ യു വി ജോസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *