mani_joseph

രാജ്യസഭാ സീറ്റുവിവാദം; കേരള കോണ്‍ഗ്രസില്‍ മാണി- ജോസഫ് രഹസ്യധാരണ പുറത്ത്

Latest News

ഇടുക്കി ലോകസഭാ സീറ്റില്‍ ജോസഫിന്റെ മകന്‍ അബു ജോസഫ് മത്സരിക്കും

കേരള കോണ്‍ഗ്രസ് ചെയര്‍മാനായി ജോസ് കെ മാണിയെ അവരോധിക്കുന്നതില്‍ ജോസഫ് എതിരുപറയില്ല

കോട്ടയം: കേരള കോണ്‍ഗ്രസില്‍ ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച് കെ എം മാണിയും പി ജെ ജോസഫും തമ്മിലുണ്ടാക്കിയ രഹസ്യധാരണ പുറത്ത്. കേരള കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിനായി പാലായിലെ കെ എം മാണിയുടെ വസതിയില്‍ പാര്‍ട്ടി ഉന്നതാധികാര സമിതി യോഗം ചേരുന്നതിന് മുമ്പ് മാണിയും ജോസഫും തമ്മിലുണ്ടാക്കിയ രഹസ്യ ഫോര്‍മുലയാണ് കേരള കോണ്‍ഗ്രസില്‍ വരും ദിവസങ്ങളില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്താന്‍ പോകുന്നത്. ഉന്നതാധികാര സമിതി യോഗത്തിന് മുമ്പ് പാലായ്ക്ക് സമീപമുള്ള ചേര്‍പ്പുങ്കല്‍ റിസോര്‍ട്ടില്‍ ഇരുനേതാക്കളും ഒത്തുചേര്‍ന്ന് രാജ്യസഭാ സ്ഥാനാര്‍ഥിയായി ജോസ് കെ മാണിയെ യോഗത്തില്‍ പി ജെ ജോസഫ് നിര്‍ദേശിക്കണമെന്ന് മാണി ആവശ്യപ്പെട്ടു.

കോട്ടയം ലോകസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും എതിര്‍പ്പിനെ മറികടന്ന് വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ജോസ് കെ മാണിക്ക് ഒരുക്കമല്ലെന്ന സന്ദേശം മാണി ജോസഫിനെ അറിയിച്ചു. കോട്ടയം മണ്ഡലത്തിന് പകരമായി ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസിന് കൈമാറാമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും കോണ്‍ഗ്രസ് നേതാക്കളുമായി പാലായിലെ വസതിയില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കൂടിക്കാഴ്ചയില്‍ കെ എം മാണി ഉറപ്പുവാങ്ങിയിരുന്നു. ഇത്തരം ധാരണകളുടെ അടിസ്ഥാനത്തില്‍ ഇടുക്കിയില്‍ പി ജെ ജോസഫിന്റെ മകന്‍ അബു ജോസഫിനെ ലോകസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുന്നതില്‍ മാണിക്ക് എതിര്‍പ്പില്ലെന്ന കാര്യം ജോസഫിനെ അറിയിച്ചു. പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ നാളിതുവരെ രംഗപ്രവേശനം ചെയ്യാത്ത എഞ്ചിനിയറിംഗ് ബിരുദധാരിയായ അബുവിന് വേണ്ടി ഇടുക്കി പാര്‍ലമെന്റ് സീറ്റ് നല്‍കാമെന്ന് മാണിയുടെ ഉറപ്പില്‍ പി ജെ ജോസഫ് രാജ്യസഭാ സീറ്റിലേക്ക് ജോസ് കെ മാണിയെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഉന്നതാധികാര സമിതി യോഗത്തില്‍ നിര്‍ദേശിക്കുകയും ചെയ്തു. അബുവിന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പായതോടെ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കൂടിയായ ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് അവരോധിക്കുന്ന കാര്യത്തിലും പി ജെ ജോസഫ് എതിര്‍പ്പിന്റെ സ്വരം കടുപ്പിക്കരുതെന്ന നിര്‍ദേശവും മാണി- ജോസഫ് കൂടിക്കാഴ്ചയില്‍ ധാരണയായി. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ യു പി എയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ജോസ് കെ മാണിക്ക് വേണ്ടി മന്ത്രിസ്ഥാനം ചോദിച്ചുവാങ്ങാനും ഇരുനേതാക്കളും തമ്മിലുള്ള ആശയവിനിമയത്തിനിടെ ചര്‍ച്ചകളുണ്ടായി.

കേരള കോണ്‍ഗ്രസില്‍ മക്കള്‍ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ച് പി ജെ ജോസഫ് രംഗത്ത് വരുന്നത് കേരള കോണ്‍ഗ്രസിലെ രണ്ടാംനിര നേതാക്കളെ അസ്വസ്ഥരാക്കും. ലോകസഭയില്‍ ഒരുവര്‍ഷം കാലാവധിയുള്ളപ്പോള്‍ കേരള കോണ്‍ഗ്രസില്‍ നിരവധി മുതിര്‍ന്ന നേതാക്കളെ അവഗണിച്ച് ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെയുള്ള മുറുമുറുപ്പ് പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. ഇത്തരം പ്രതിഷേധങ്ങള്‍ വിവിധ കോണുകളില്‍ ശക്തിപ്പെടുന്നതിനിടെ ഇടുക്കി സീറ്റില്‍ അബു ജോസഫിന് വേണ്ടി കെ എം മാണിയുമായി ധാരണയുണ്ടാക്കിയ ജോസഫിന്റെ നിലപാടും പാര്‍ട്ടിയില്‍ ചേരിപ്പോരിനും പൊട്ടിത്തെറിക്കും വഴിവെച്ചേക്കും. ഇതിനിടെ, മക്കള്‍ രാഷ്ട്രീയത്തിനും കുടുംബാധിപത്യത്തിനുമെതിരെ കേരള കോണ്‍ഗ്രസില്‍ കലാപമുണ്ടാക്കി പുറത്തുപോയ ഫ്രാന്‍സിസ് ജോര്‍ജിനും കൂട്ടര്‍ക്കും തങ്ങളുടെ നിലപാടുകള്‍ ശരിയാണെന്ന് തെളിയിക്കാന്‍ പുതിയ രാഷ്ട്രീയ ഒത്തുതിര്‍പ്പുകള്‍ കൂടുതല്‍ ശക്തിപകരും. ഇടതുമുന്നണിയുമായി ചങ്ങാത്തം കൂടാന്‍ ജോസ് കെ മാണിയും കൂട്ടരും കരുക്കള്‍ നീങ്ങിയിരുന്നെങ്കിലും പി ജെ ജോസഫ് വിഭാഗം ഈ നീക്കത്തെ ശക്തമായി എതിര്‍ത്തിരുന്നു. പാര്‍ട്ടിയെ നെടുകെ പിളര്‍ത്തികൊണ്ട് ഇടതുമുന്നണിയുമായി സഖ്യമാക്കുന്നതില്‍ സി പി എം നേതൃത്വം വലിയ താല്‍പര്യം കാട്ടിയിരുന്നില്ല.

ഈ സാഹചര്യത്തിലാണ് പി കെ കുഞ്ഞാലിക്കുട്ടിയെ മധ്യസ്ഥനാക്കി ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ മറവില്‍ കെ എം മാണി എല്ലാ പിണക്കങ്ങളും
മറന്ന് യു ഡി എഫുമായും കോണ്‍ഗ്രസുമായും വീണ്ടും ചങ്ങാത്തം കൂടാന്‍ തീരുമാനിച്ചത്. മാണിയെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസന്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പാലായിലെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ ജോയി എബ്രഹാം വിരമിക്കുന്ന രാജ്യസഭാ സീറ്റില്‍ കേരള കോണ്‍ഗ്രസിന് വേണ്ട പരിഗണന കിട്ടണമെന്ന് കെ എം മാണി നേതാക്കളെ അറിയിച്ചു. എന്നാല്‍ കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റ് വിട്ടുനല്‍കാന്‍ നിലവിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ സാധ്യമല്ലെന്ന സന്ദേശം കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കി. എന്നാല്‍ വീണ്ടും രാജ്യസഭയിലേക്ക് പോകാന്‍ കുപ്പായം തയ്പ്പിച്ച് കേരളത്തിലെത്തിയ പി ജെ കുര്യനുമായി ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്ന ചില സൗന്ദര്യപിണങ്ങള്‍ കേരള കോണ്‍ഗ്രസിന്‌
രാജ്യസഭാ സീറ്റ് വലിയ സമ്മര്‍ദ്ദങ്ങളോ ചര്‍ച്ചകളോ പോലും ഇല്ലാതെ കിട്ടാന്‍ കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *