കാസര്‍കോട്: കാക്കനാട് ഫ്ലാറ്റ് കൊലപാതകത്തില്‍ അറസ്റ്റിലായ അര്‍ഷാദിന്റെ പക്കല്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍. രക്ഷപ്പെടാന്‍ ഉപയോഗിച്ച ഇരുചക്രവാഹനത്തില്‍ നിന്നാണ് ഒരു കിലോ കഞ്ചാവ് ഉള്‍പ്പെടെ കണ്ടെടുത്തത്. എംഡിഎംഎ, ഹാഷിഷ് ഓയില്‍ തുടങ്ങിയവ അടങ്ങിയ ബാഗും വണ്ടിയില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
പിടിയിലായ അര്‍ഷാദ് കൊണ്ടോട്ടി ജ്വല്ലറി മോഷണക്കേസിലെ പ്രതിയാണെന്നും തെളിഞ്ഞിട്ടുണ്ട്. ഒരുമാസമായി ഇയാള്‍ ഒളിവിലായിരുന്നു. കൊണ്ടോട്ടിയിലെ മോഷണത്തിന് ശേഷം ഗോവയിലേക്ക് കടന്ന അര്‍ഷാദ് പിന്നീടാണ് കൊച്ചിയിലെത്തി കാക്കനാട് സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചത്. ജ്വല്ലറി കവര്‍ച്ചക്കേസില്‍ പൊലീസ് തിരയുന്നതിനിടെയാണ് അര്‍ഷാദ് സജീവിനെ കൊലപ്പെടുത്തുന്നത്.
അര്‍ഷാദിന്റെ ലഹരി ഇടപാടുകള്‍ സംബന്ധിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. കൊലപാതകം നടന്ന ഫ്ലാറ്റിലെ ഇടപാടുകള്‍ ദുരൂഹമാണെന്ന് പൊലീസ് പറയുന്നു. കൊലപാതകം നടന്ന ഫ്ലാറ്റില്‍ പലരും വരികയും പോവുകയും ചെയ്തിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവര്‍ ഇതൊന്നും പൊലീസിനെ അറിയിച്ചിരുന്നില്ല. ഫ്ലാറ്റില്‍ മയക്കുമരുന്നിന്റെ സ്ഥിരം ഉപയോഗം ഉണ്ടായിരുന്നതായാണ് സംശയിക്കുന്നതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.
കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അർഷാദിനെ മഞ്ചേശ്വരത്തുവെച്ച് പൊലീസ് പിടികൂടുന്നത്. സംസ്ഥാനം വിടാനായി ഇരുചക്രവാഹനത്തിൽ സുഹൃത്തിനൊപ്പം റെയിൽവേ സ്റ്റേഷനിലെത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ വാഹനത്തിൽ നിന്നും ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അർഷാദിനെ പിടികൂടുന്നത്. ഇയാളോടൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെയാണ് കാക്കനാട് ഇൻഫോ പാർക്ക് പരിസരത്തുള്ള ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ മലപ്പുറം സ്വദേശി സജീവിന്റെ മൃതദേഹം കണ്ടെത്തിയത്.