കോട്ടയം തലയോലപ്പറമ്പിൽ തെരുവ് നായയുടെ ആക്രമണത്തിൽ 7 പേർക്ക് പരിക്ക്. രണ്ട് പേർക്ക് പരിക്ക് ഗുരതരം. തലയോലപ്പറമ്പ് പഞ്ചായത്തിലെ ഉമ്മാംകുന്ന്, പഞ്ചായത്ത് ജംഗ്ഷൻ, കോലത്താർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെയാണ് തെരുവ് നായയുടെ കടിയേറ്റ് കാൽനട യാത്രക്കാർ ഉൾപ്പടെ 7 പേർക്ക് പരിക്കേറ്റ സംഭവം നടന്നത്.
തെരുവ് നായയുടെ കടിയേറ്റ് തലയോലപ്പറമ്പ് കോലത്താർ പുത്തൻ പുരയിൽ പി.ടി തങ്കച്ചൻ (52), പള്ളിപ്പുറം കുമ്പളങ്ങി സ്വദേശി ജോസഫ് (36), തലയോലപ്പറമ്പ് കോലത്താർ കോലേഴത്ത് ദിവ്യ (32), ഉമ്മാംകുന്ന് മേപ്പോത്തുകുന്നേൽ വിശ്രുതൻ (54), ഉമ്മാംകുന്ന് എടത്തട്ടയിൽ റോസക്കുട്ടി ജോസ് (67), കോരിക്കൽ തൈയ്യിൽ ആനന്ദ് .ടി ദിനേശ് (26), തലയോലപ്പറമ്പ് കുഴിയന്തടത്തിൽ അജിൻ (52) എന്നിവരെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് റ്റി.റ്റിയും റാബിക്ക്സ് വാക്സിൻ ആദ്യ ഡോസും നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇതിൽ തങ്കച്ചൻ, ജോസഫ് എന്നിവരുടെ പരിക്ക് ഗുരുതരമാണ്. തങ്കച്ചന്റെ കണ്ണിന് താഴെയും ചുണ്ട്, നെറ്റി കഴുത്ത് ഭാഗങ്ങൾ നായ കടിച്ച് കീറി, ജോസഫിന്റെ മുഖത്തും, വയറിനുമാണ് കടിയേറ്റത്. ഒരേ നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്ന് നിഗമനം. കടിച്ച ശേഷം ഓടിപ്പോയ നായയെ പിടികൂടാനായില്ല. നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രധാന ഇടങ്ങളിലും ബസ്റ്റാന്റുകളിലും തെരുവ് നായ ശല്യം രൂക്ഷമായതോടെ കാൽനടയാത്രക്കാർ ഉൾപ്പടെയുള്ള ജനം ഭീതിയിലാണ്.
തെരുവ് നായ്ക്കൾ റോഡിന് കുറുകെ ചാടി നിരവധി ഇരുചക്രവാഹന യാത്രികരും ദിവസവും അപകടത്തിൽ പെടുന്നുണ്ട്. നായ്ക്കളെ വന്ധ്യംകരിക്കുന്ന എബിസി പദ്ധതി മിക്ക പഞ്ചായത്തുകളിലും നിലച്ചതാണ് തെരുവ് നായ്ക്കൾ പെരുകാൻ കാരണം. മിക്ക ഇടങ്ങളിലും അലക്ഷ്യമായിട്ടുള്ള മാലിന്യം തള്ളുന്നതും നായ്ക്കൾ പെരുകാൻ കാരണമാകുന്നുണ്ട്.