രാഷ്ട്രീയകാര്യ ലേഖകന്‍
തിരുവനന്തപുരം: ബി ജെ പി സംസ്ഥാന ഭാരവാഹികളെ നാളെ പ്രഖ്യാപിക്കും. പി എസ് ശ്രീധരന്‍പിള്ള അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള പുനസംഘടനയാണിത്. നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍, വൈസ് പ്രസിഡന്റുമാര്‍ എന്നിവരില്‍ ചിലരെ മാറ്റി പ്രതിഷ്ഠിച്ചേക്കുമെന്ന സൂചനകളുണ്ട്. യുവാക്കള്‍ക്കും ഒപ്പം ജനകീയ മുഖമുള്ള നേതാക്കളെയും സംസ്ഥാന നേതൃപദവിയിലേക്ക് കൊണ്ടുവരണമെന്ന ആര്‍ എസ് എസിന്റെ നിര്‍ദേശവും പുനസംഘടനയില്‍ പരിഗണിച്ചിട്ടുണ്ട്.
ഇതിനിടെ സംസ്ഥാന ഭാരവാഹിപട്ടികയില്‍ അപ്രതീക്ഷിതമായി ചില ഉന്നതകേന്ദ്രങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പട്ടേക്കുമെന്ന വാര്‍ത്തകള്‍ ഡല്‍ഹിയില്‍ പറഞ്ഞുകേള്‍ക്കുന്നു. വിവിധ പാര്‍ട്ടികളില്‍ അസംതൃപ്തരായ സംസ്ഥാന നേതാക്കളെ കേരള ബി ജെ പിയുടെ ഭാരവാഹിക പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും വിവിധ തലങ്ങളില്‍ പുരോഗമിക്കുകയാണ്. ഡല്‍ഹിയില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി എച്ച് രാജ, നളിന്‍കുമാര്‍ കട്ടീല്‍, സംസ്ഥാന സെക്രട്ടറി എച്ച് ഗണേശ്, സംഘടനാ ചുമതയുള്ള മുരളീധര റാവു എന്നിവരുമായും ശ്രീധരപിള്ള ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. ജില്ലാ ഭാരവാഹികളെ മാറ്റുന്ന കാര്യത്തില്‍ തിരക്കിട്ട തീരുമാനങ്ങള്‍ ഉണ്ടാകില്ലെന്നാണ് സൂചന.
കേരളത്തില്‍ രൂക്ഷമായിരിക്കുന്ന ഗ്രൂപ്പ് വൈര്യം ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അവസാനിപ്പിക്കാന്‍ ഇടപെടല്‍ നടത്തണമെന്ന കര്‍ശന നിര്‍ദേശം അമിത് ഷാ മുന്നോട്ടുവെച്ചിട്ടുണ്ട്. ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ചില കേന്ദ്രങ്ങളില്‍ നിന്നുള്ള മാധ്യമ ഇടപെടലുകള്‍ക്കെതിരെ പൊതുവികാരത്തിനൊപ്പം പാര്‍ട്ടി നിലകൊള്ളമെന്ന ആവശ്യവും ബി ജെ പി ദേശീയ നേതൃത്വം മുന്നോട്ടുവെച്ചതായാണ് വിവരം.