കൊച്ചി: രാജ്യത്തെ ആശുപത്രികളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഇടപാടുകള്‍ക്ക് വന്‍ പൊളിച്ചെഴുത്തിന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി രംഗത്ത്. അലോപ്പതി ചികിത്സക്ക് പണരഹിത ഇന്‍ഷുറന്‍സ് സേവനം വാഗ്ദാനം ചെയ്യുന്ന ആശുപത്രികള്‍ നാഷനല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് (എന്‍ എ ബി എച്ച്) പ്രീ അക്രഡിറ്റേഷന് എന്‍ട്രി ലെവല്‍ മാനദണ്ഡം പാലിക്കണമെന്ന് ഐ ആര് ഡി എ നിര്‍ദേശം നല്കി. രോഗികളുടെ പരിചരണം, സുരക്ഷ, ആശുപത്രികളുടെ ഗുണനിലവാരം ഉയര്‍ത്തല്‍ എന്നിവ മുന്‍നിര്‍ത്തിയാണ് നടപടി.
അലോപ്പതി ആശുപത്രികള്‍ക്ക് പിന്നാലെ ആയുര്‍വേദ ആശുപത്രികള്‍ക്കും എന്‍ എ ബി എച്ച് നിബന്ധനകള്‍ പാലിക്കണമെന്ന കര്‍ശന വ്യവസ്ഥകളും ഐ ആര് ഡി എ നിര്‍ദേശിച്ചു. ആയുര്‍വേദ ചികിത്സയുടെ ഇന്‍ഷുറന്‍സിനും റീഇംപേഴ്സ്മെന്റിനും അക്രഡിറ്റേഷന് നിര്‍ബന്ധമാക്കി. 2020 നവംബറിന് മുമ്പ് എന്‍ എ ബി എച്ച് അംഗീകാരം നേടുന്ന സ്ഥാപനങ്ങളിലെ ചികിത്സക്ക് മാത്രമേ ആരോഗ്യ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ രോഗികള്‍ക്ക് ലഭിക്കുകയുള്ളു. എന്‍ എ ബി എച്ചിന്റെ പ്രീഅക്രഡിറ്റേഷന് എന്‍ട്രി ലെവല്‍ മാനദണ്ഡങ്ങളോ ആരോഗ്യ ഇന്‍ഷുറന്‍സ് നിയന്ത്രണ ചട്ടപ്രകാരം റെഗുലേറ്ററി അതോറിറ്റി ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങളോ പാലിക്കാന്‍ ആശുപത്രികള്‍ ബാധ്യസ്ഥമാണെന്ന് ഐ ആര് ഡി എ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള എല്ലാ ആശുപത്രികളും ഒരു വര്‍ഷത്തിനകം ഇന്‍ഷുറന്‍സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ (ഐ ഐ ബി) ഇന്‍ഷുറന്‍സ് ശൃംഖലയില്‍ (റോഹിനി) രജിസ്റ്റര്‍ ചെയ്യണം. നിശ്ചിത സമയത്തിനകം എന്‍ എ ബി എച്ച് പ്രീഎന്ട്രി സര്‍ട്ടിഫിക്കറ്റോ എന്‍.എ.ബി.എച്ചിന്റെ തന്നെ ഉയര്‍ന്ന ലെവല്‍ സര്‍ട്ടിഫിക്കറ്റോ ആശുപത്രികള്‍ കരസ്ഥമാക്കണം.
അല്ലെങ്കില്‍ സംസ്ഥാനതല സര്‍ട്ടിഫിക്കറ്റോ നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍ എ എ എസ്) പ്രകാരം നാഷനല്‍ ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സസ് സന്റെര്‍ (എന്‍ എച്ച്എസ് ആര് സി) നല്കുന്ന ഹയര്‍ ലെവല്‍ സര്‍ട്ടിഫിക്കറ്റോ നേടണമെന്ന് ഐ ആര് ഡി എ ഉത്തരവില്‍ പറയുന്നു. മുഴുവന്‍ അക്രഡിറ്റേഷന് മാനദണ്ഡവും നടപ്പാക്കാന്‍ മിക്ക ആശുപത്രികള്‍ക്കും ഇപ്പോഴും പ്രാേയാഗിക തടസ്സങ്ങളുണ്ട്. ഈ പ്രതിസന്ധി മറികടക്കുക ലക്ഷ്യമിട്ടാണ് പ്രീഅക്രഡിറ്റേഷന് സര്ട്ടിഫിക്കേഷന് മാനദണ്ഡം കൊണ്ടുവന്നത്. ആശുപത്രി മാനേജ്മന്റെുകളോടടക്കം കൂടിയാലോചിച്ചാണ് കൊണ്ടുവന്നതെങ്കിലും പലതും ഇപ്പോഴും എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കറ്റ് പോലും നേടിയിട്ടില്ല.
ഗുണനിലവാരം, രോഗികളുടെ സുരക്ഷ എന്നിവ സംബന്ധിച്ച് മാനേജ്മന്റെുകള്‍ക്ക് അവബോധം സൃഷ്ടിക്കുകയും ആശുപത്രികളുടെ ശേഷി വര്‍ധിപ്പിക്കുകയുമാണ് എന്‍ട്രി ലെവല്‍ അക്രഡിറ്റേഷന് നിര്‍ബന്ധമാക്കിയതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐ ആര് ഡി എ വ്യക്തമാക്കി. അക്രഡിറ്റേഷന് സര്ട്ടിഫിക്കേഷന് നേടിയാല്‍, ആശുപത്രികള്‍ക്ക് വിവിധ ഘട്ടങ്ങളിലൂടെ പൂര്‍ണ അക്രഡിറ്റേഷന് കരസ്ഥമാക്കുക എളുപ്പമാകുമെന്ന് ഐ ആര് ഡി എ പറയുന്നു. എന്‍ എ ബി എച്ച് അംഗീകാരം സംബന്ധിച്ച് ആശുപത്രികള്‍ക്ക് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങളും സംശയങ്ങളും ദുരീകരിക്കാന്‍ 9946261611 എന്ന നമ്പറില്‍ വിളിക്കാം.