പി.എം കിസാനിലൂടെ നല്‍കിയ 6000 രൂപ തിരിച്ചെടുക്കാന്‍ കേന്ദ്രനീക്കം; കര്‍ഷകര്‍ക്ക് നോട്ടീസ് ലഭിച്ചു

Kerala

കോട്ടയം: കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നല്‍കിയ തുക തിരിച്ചുപിടിക്കാന്‍ കേന്ദ്ര നീക്കമെന്ന് റിപ്പോര്‍ട്ട്. ‘പി.എം കിസാന്‍’ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നല്‍കിയ 6000 രൂപ 15 ദിവസത്തിനകം തിരികെ അടയ്ക്കണമെന്നാശ്യപ്പെട്ട് കര്‍ഷകര്‍ക്ക് നോട്ടീസ് ലഭിച്ചു.

കോട്ടയം പള്ളിക്കത്തോട്ടില്‍ മാത്രം നൂറിലധികം കര്‍ഷകര്‍ക്ക് നോട്ടീസ് ലഭിച്ചുവെന്നാണ് വിവരം. വാങ്ങിയ ആനുകൂല്യം തിരികെ അടയ്ക്കണമെന്നും വീഴ്ചവരുത്തുന്നത് നിയമക്കുരുക്കുകള്‍ ഉണ്ടാകുമെന്നും നോട്ടീസില്‍ പറയുന്നു. സ്വന്തം പേരില്‍ സ്ഥലം ഇല്ലെന്നും ആദായ നികുതി അടയ്ക്കുന്നുണ്ടെന്നും ഉള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയും കത്ത് കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. കേന്ദ്ര കൃഷി മന്ത്രാലയമാണ് കൃഷിവകുപ്പ് മുഖേന അറിയിപ്പ് നല്‍കുന്നത്.

2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ആദ്യ ഗഡു 2000 രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. തുടര്‍ന്നും രണ്ടും മൂന്നും ഗഡു ചില കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു.

മൂന്ന് സെന്റ് സ്ഥലം കൃഷിചെയ്യാന്‍ വേണമെന്നതായിരുന്നു പണം ലഭിക്കാന്‍ നിശ്ചയിച്ച യോഗ്യത. ഇതനുസരിച്ച് കരംകെട്ടിയ രസീത്, ആധാര്‍, റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും പരിശോധിച്ചാണ് കേന്ദ്ര കൃഷി മന്ത്രാലയം കര്‍ഷകരുടെ അക്കൗണ്ടുകളില്‍ തുക നിക്ഷേപിച്ചത്. അക്കൗണ്ടുകളിലെത്തിയ തുക കര്‍ഷകന്‍ ചെലവഴിച്ചുകഴിഞ്ഞപ്പോഴാണ് അര്‍ഹതയില്ലെന്ന നോട്ടീസ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *