പിണറായി വിജയനെ എതിരിടാന്‍ വി ഡി സതീശന്‍ എത്തുന്നു; കോണ്‍ഗ്രസ് ക്യാമ്പുകള്‍ക്ക് ആവേശമായി കെ സുധാകരനും പി ടി തോമസും അമരത്തേക്ക്

Latest News

ആര്‍ അജിരാജകുമാര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടിക്കുണ്ടായ അപ്രതീക്ഷിത തിരിച്ചടികളെ ഫലപ്രദമായി നേരിടാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ നിന്നും സുപ്രധാന തീരുമാനങ്ങള്‍ ഇന്നുണ്ടാകും. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വീണ്ടും അവസരം ചോദിച്ച് എ ഗ്രൂപ്പിനെ ഒപ്പം കൂട്ടിയ രമേശ് ചെന്നിത്തലയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. നിയമസഭയില്‍ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവ് വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കി മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുമുന്നണിയെടും വെള്ളംകുടിപ്പിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ഉറച്ച തീരുമാനമെന്ന് അറിയുന്നു.

ഒപ്പം തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലുമുണ്ടായ കനത്ത പരാജയത്തില്‍ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി കെ സുധാകരനെ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് അവരോധിക്കാനും തത്വത്തില്‍ ധാരണയായി. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടായിരുന്ന പി ടി തോമസിനെ യു ഡി എഫ് കണ്‍വീനറാക്കി ഐക്യമുന്നണിയുടെ കെട്ടുറപ്പ് കൂടുതല്‍ ദൃഢമാക്കാനും ഏ കെ ആന്റണിയും കെ സി വേണുഗോപാലും അടങ്ങുന്ന നേതാക്കള്‍ പച്ചക്കൊടി കാട്ടിയതായാണ് വിവരം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാര്‍ട്ടി എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ എം പിമാരായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, വി. വൈത്തിലിംഗം എന്നിവരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് എ ഐ ഗ്രൂപ്പുകളുടെ അപ്രമാദിത്വം അവസാനിപ്പിക്കാന്‍ സോണിയാ ഗാന്ധിയുടെ നിര്‍ദേശം.

എ ഗ്രൂപ്പിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും പിന്തുണ ഉറപ്പിച്ചതോടെ രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷനേതാവാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ യുവ എംഎല്‍എമാര്‍ വി.ഡി.സതീശനെ പിന്തുണയ്ക്കുകയായിരുന്നു. രമേശ് ചെന്നിത്തല വീണ്ടും തുടര്‍ന്നാല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുമെന്ന് യുവ നേതൃത്വം അഭിപ്രായപ്പെട്ടതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *