ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധയില്‍ ഞെട്ടിക്കുന്ന വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,558 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,25,89,067 ആയി ഉയര്‍ന്നു. 7,41,830 ആക്ടീവ് കോവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്.
പുതിയതായി രാജ്യത്ത് 478 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 1,65,101 ആയി ഉയര്‍ന്നു. 52,847 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ ആകെ 1,16,82,136 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. നിലവില്‍ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 7,91,05,163 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കൊവിഡ് വ്യപനത്തെ തുടര്‍ന്ന് മുംബൈയില്‍ സംസ്ഥാന സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാവിലെ 7 മണി മുതല്‍ രാത്രി 8 മണി വരെയാണ് നിരോധനാജ്ഞ. അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി.