ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്നു. ഇന്ന് 2.59 ലക്ഷം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,761 പേര് കൊവിഡ് ബാധിച്ച് മരിച്ചു.
ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 1,80,530 ആയി ഉയര്‍ന്നു. രാജ്യത്തെ മൊത്തം കൊവിഡ് കേസുകള്‍ ഒന്നരക്കോടി (1,53,21,089) കവിഞ്ഞു. കഴിഞ്ഞ 16 ദിവസംകൊണ്ട് 27.50 ലക്ഷം രോഗികളുണ്ടായി. ദിവസേനയുള്ള പുതിയ കൊവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് അടുത്തതോടെ രാജ്യത്ത് യുദ്ധസമാനമായ ആരോഗ്യ അടിയന്തരാവസ്ഥയുടെ സ്ഥിതിയായി.
തലസ്ഥാനമായ ഡല്‍ഹിയില്‍ പരിശോധിക്കുന്നവരില്‍ മൂന്നിലൊരാള്‍ക്കു വീതം കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂവിനു പിന്നാലെ അടുത്ത തിങ്കളാഴ്ച വരെ സമ്പൂര്‍ണ ലോക്ക്ഡൗണും ഇന്നലെ രാത്രി പ്രാബല്യത്തിലായി. മഹാരാഷ്ട്രയില്‍ മേയ് ഒന്നു വരെ കര്‍ഫ്യൂ അടക്കം കര്‍ശന നിയന്ത്രണം തുടരും.
മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് അടക്കമുള്ള നഗരങ്ങളിലെ ആശുപത്രികള്‍ രോഗികളെക്കൊണ്ടും മോര്‍ച്ചറികളും ശ്മശാനങ്ങളും മൃതശരീരങ്ങള്‍ കൊണ്ടും നിറഞ്ഞു. മെഡിക്കല്‍ ഓക്സിജനും വെന്റിലേറ്ററും മരുന്നുകളും മുതല്‍ കൊവിഡ് രോഗികള്‍ക്കുള്ള ചികിത്സാസൗകര്യങ്ങള്‍ക്കും പ്രതിരോധ വാക്സിനും വരെ ക്ഷാമം തുടര്‍ന്നു.
ഡല്‍ഹിയിലും മുംബൈയിലും നേരത്തേ പ്രവര്‍ത്തനം നിര്‍ത്തിയ പ്രത്യേക കോവിഡ് സെന്ററുകളും സ്റ്റേഡിയങ്ങളും ചില ഹോട്ടലുകളും വീണ്ടും കോവിഡ് ചികിത്സയ്ക്കായി സജ്ജീകരിച്ചു.