കോവിഡിനെ പൊതുപ്രവര്‍ത്തകര്‍ രാഷ്ട്രീയ ആയുധമാക്കരുത്: ഡോ. പ്രമീളാദേവി

Latest News

 

തിരുവനന്തപുരം: കോവിഡ് എന്ന മഹാമാരിയെ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് പൊതുപ്രവര്‍ത്തകര്‍ ആയുധമാക്കരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ പ്രമീളാദേവി. ഭരണപ്രതിപക്ഷ നേതാാക്കള്‍ പരസ്പരം ചെളിവാരിയെറിയല്‍ നടത്തിയാല്‍ കോവിഡിനെ പ്രതിരോധിക്കാനാവില്ല. രോഗത്തിന്റെ ഭീതിയില്‍ ദുരിതത്തിലായ ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാന്‍ എല്ലാവരും കര്‍മ്മനിരതരാവുകയാണ് ചെയ്യേണ്ടത്.

ലോക് ഡൗണ്‍ നീട്ടുന്നതിലൂടെ സ്വകാര്യമേഖലയില്‍ നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന ഗുരുതരമായ സ്ഥിതി സര്‍ക്കാര്‍ തിരിച്ചറിയണം. ഇത്തരത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ വിവരശേഖരത്തിനായി സര്‍ക്കാര്‍ അടിയന്തരമായി ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കണം. മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടിലാകുന്ന ആയിരക്കണക്കിനാളുകളുടെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം ഇല്ലാതാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഉചിതമായ രക്ഷാപാക്കേജുകള്‍ ആവിഷ്‌കരിക്കണം. ലോക് ഡൗണ്‍ കാലത്ത് പല സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവില്ലെന്ന നിലപാടിലാണ്. ഇതുമൂലം ലക്ഷക്കണക്കിന് കുടുംബങ്ങള്‍ പട്ടിണിയിലാവുന്ന സ്ഥിതിയാണ്. സാലറി ചലഞ്ച് സര്‍ക്കാര്‍ ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ഡോ. പ്രമീളാദേവി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *