മരുന്നുക്ഷാമം; രോഗികളുടെ ജീവന്‍ പന്താടരുതെന്ന് ഡോ. പ്രമീളാദേവി

Latest News

 

കോട്ടയം: സംസ്ഥാനത്ത് രൂക്ഷമാകുന്ന മരുന്നുക്ഷാമം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പ്രമീളാദേവി ആവശ്യപ്പെട്ടു. അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് വിധേയരായവരും ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ നടത്തുന്നവര്‍ക്കും മരുന്നുകള്‍ ലഭിക്കാതെ വരുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ദിവസം കഴിക്കേണ്ട മരുന്നുകള്‍ കിട്ടാതായതോടെ പലരുടെയും ജീവിതം തുലാസിലായിരിക്കുന്നു. മരുന്നുകളുടെ ഭാരിച്ച തുകയ്‌ക്കൊപ്പം ഹെലികോപ്റ്റര്‍ വാടക കൂടി നല്‍കി മരുന്നുകള്‍ വാങ്ങാനുള്ള സാമ്പത്തികശേഷിയുള്ള രോഗികള്‍ കേരളത്തില്‍ കുറവാണ്. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മരുന്നുകമ്പിനികളുടെ പക്കല്‍ നിന്നും രോഗികള്‍ക്ക് ആവശ്യമാായ മരുന്നുകള്‍ എത്തിക്കുന്നതിന് അവശ്യസര്‍വ്വീസുകളുടെ പട്ടികയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. ആവശ്യമെങ്കില്‍ വ്യോമ സേനയുടെ സഹായത്തോടെ സംസ്ഥാനത്ത് മരുന്നുകള്‍ എത്തിക്കാന്‍ നടപടി കൈകൊള്ളണം.
ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍പെടുന്ന ഹൃദയം, വൃക്ക, കരള്‍, ന്യൂറോ രോഗികള്‍ക്കുള്ള മരുന്നുകള്‍ സംസ്ഥാനത്തെ മിക്ക മെഡിക്കല്‍ സ്‌റ്റോറുകളിലും കിട്ടാനില്ല. വിലകൂടിയതും ശീതീകരിച്ച് സൂക്ഷിക്കേണ്ടതുമായ ഭൂരിപക്ഷം മരുന്നുകളും വിമാനമാര്‍ഗ്ഗമാണ് സംസ്ഥാനത്ത് കമ്പിനികള്‍ എത്തിച്ചിരുന്നത്. സംസ്ഥാനത്ത് അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് വിധേയരായ 15000 രോഗികളില്‍ ഭൂരിപക്ഷവും നിര്‍ദ്ധനരാണ്. മരുന്നുക്ഷാമം പരിഹരിക്കാന്‍ ഓരോ ജില്ലയിലും ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സതേടുന്ന രോഗികള്‍ക്കുള്ള മരുന്നുകള്‍ ലഭിക്കുന്ന മെഡിക്കല്‍ സ്‌റ്റോറുകളുടെ പട്ടിക സംസ്ഥാന ആരോഗ്യവകുപ്പ് ഉടന്‍ പ്രസിദ്ധപ്പെടുത്തണം. വിഷയത്തില്‍ ശാശ്വതപരിഹാരം കണ്ടെത്താന്‍ പ്രധാനമന്ത്രിയെ വിഷയത്തിന്റെ ഗൗരവം ധരിപ്പിക്കുമെന്നും ഡോ. പ്രമീളാദേവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *