CPM CANIDATES 2019

ലോകസഭാ തിരഞ്ഞെടുപ്പ് സി പി എം ലിസ്റ്റായി; കൊല്ലം കെ എന്‍ ബാലഗോപാല്‍, പത്തനംതിട്ട കെ ജെ തോമസ്, കോട്ടയം വി എന്‍ വാസവന്‍, ആലപ്പുഴ തോമസ് ഐസക്, ചാലക്കുടി പി രാജീവ്, മലപ്പുറം കെ ടി ജലീല്‍, കണ്ണൂര്‍ എന്‍ സുകന്യ

Latest News

 

ആര്‍ അജിരാജകുമാര്‍

തിരുവനന്തപുരം: 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സി പി എം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണ. കേരളത്തില്‍ പരമാവധി സീറ്റുകളില്‍ മത്സരിച്ച് വിജയം കൈവരിക്കാനുള്ള ചിട്ടയായ പ്രവര്‍ത്തങ്ങള്‍ക്ക് സി പി എം തുടക്കമിട്ടു. കൊല്ലത്ത് സി പി എം മുന്‍ ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ മത്സരിക്കും. നായര്‍ സമുദായാംഗമായ ബാലഗോപാല്‍ സിറ്റിംഗ് എം പി എന്‍ കെ പ്രേമചന്ദ്രനെതിരെ വിജയം നേടാനാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ആറ്റിങ്ങലില്‍ സിറ്റിംഗ് എം പി എ സമ്പത്ത് ജനകീയ മുഖമാണ്. എന്നാല്‍ തുടര്‍ച്ചയായി മൂന്നുതവണ എം പിയായ സമ്പത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വമാണ് തീരുമാനം പ്രഖ്യാപിക്കേണ്ടത്. സമ്പത്ത് വീണ്ടും ജനവിധി തേടുന്നില്ലെങ്കില്‍ ഡി വൈ എഫ് ഐ നേതാവ് എ റഹീം സ്ഥാനാര്‍ഥിയാകും. പത്തനംതിട്ടയില്‍ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി ജനറല്‍ മാനേജരുമായ കെ ജെ തോമസ് മത്സരിക്കും. കാഞ്ഞിരപ്പള്ളി മുന്‍ എം എല്‍ എ കൂടിയായ തോമസ് പത്തനംതിട്ടയില്‍ സിറ്റിംഗ് എം പി ആന്റോ ആന്റണിക്കെതിരെ മികച്ച വിജയം നേടാനാവുമെന്ന് സി പി എം കണക്കുകൂട്ടുന്നു.

കോട്ടയം മണ്ഡലത്തില്‍ മുന്‍ എം എല്‍ എയും പാര്‍ട്ടി ജില്ലാ സെക്രട്ടറി കൂടിയായ വി എന്‍ വാസവന്‍ ജനവിധി തേടും. ക്രൈസ്തവ ഭൂരിപക്ഷ മേഖലയായ കോട്ടയത്ത് വി എന്‍ വാസവനുള്ള ജനപിന്തുണ തിരിച്ചറിഞ്ഞാണ് ജനതാദളിന്റെ പക്കല്‍ നിന്നും സീറ്റുവാങ്ങി സി പി എം മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് ആലപ്പുഴയില്‍ നിരവധി പേരുകള്‍ സജീവമായി പരിഗണിച്ചെങ്കിലും ധനമന്ത്രി തോമസ് ഐസക്കിനെ മത്സരിപ്പിച്ചാല്‍ ആലപ്പുഴ മണ്ഡലം തിരിച്ചിപിടിക്കാമെന്നാണ് പാര്‍ട്ടി കീഴ്ഘടകങ്ങളില്‍ നടത്തിയ കണക്കെടുപ്പില്‍ വ്യക്തമായിരിക്കുന്നത്.

ലത്തീന്‍ സമുദായത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തില്‍ ഐസക്കിന്റെ സ്ഥാനാര്‍ഥിത്വം ഏറെ ഗുണകരമാണ്. ഒപ്പം മുസ്ലിം വോട്ടുകളും തോമസ് ഐസകിന് അനുകൂലമാണ്. ഇടുക്കി മണ്ഡലത്തില്‍ സിറ്റിംഗ് എം പി ജോയിസ് ജോര്‍ജിനെ വീണ്ടും മത്സരിപ്പിക്കുന്ന കാര്യത്തില്‍ സി പി എം ജില്ലാ നേതൃത്വത്തിന് വലിയ താല്‍പര്യമില്ല. ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ എം പിയുമായ ഫ്രാന്‍സിസ് ജോര്‍ജ് ഇടതുപിന്തുണയോടെ ഇടുക്കിയില്‍ മത്സരിച്ചേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നു. എറണാകുളത്ത് സിറ്റിംഗ് എം പി കെ വി തോമസിനെതിരെ പൊതുസ്വതന്ത്രന് വേണ്ടിയുള്ള തിരച്ചിലിനിടെ മുഖ്യമന്ത്രി പിണറായിയുടെ മാധ്യമ ഉപദേഷ്ടാവും കൈരളി ചാനല്‍ എം ഡിയുമായ ജോണ്‍ ബ്രിട്ടാസിന്റെ പേരിനാണ് മുന്‍തൂക്കം. ചാലക്കുടിയില്‍ നടന്‍ ഇന്നസെന്റിന് പകരക്കാരനായി സി പി എം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് മത്സരിക്കും. ആലത്തൂര്‍ മണ്ഡലത്തില്‍ സിറ്റിംഗ് എം പി പി കെ ബിജു, മുന്‍ സ്പീക്കറും തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ കെ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. പാലക്കാട് മണ്ഡലത്തില്‍ സിറ്റിംഗ് എം പി എം പി രാജേഷ് വീണ്ടും ജനവിധി തേടും. മലപ്പുറം മണ്ഡലത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പൊതുസ്വതന്ത്രന് വേണ്ടിയുള്ള ചര്‍ച്ചകള്‍ സജീവമാണ്. മന്ത്രി കെ ടി ജലീലിനെ മത്സരിപ്പിക്കണമെന്ന ആലോചനയും സി പി എം നടത്തുന്നുണ്ട്.

കോഴിക്കോട് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ജനവിധി തേടും കണ്ണൂരില്‍ പി കെ ശ്രീമതിക്ക് പകരക്കാരിയായി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജയിംസ് മാത്യു എം എല്‍ എയുടെ ഭാര്യയുമായ എന്‍ സുകന്യ സ്ഥാനാര്‍ഥിയാകും. എം വി ഗോവിന്ദന്‍ മാസ്റ്ററുടെ പേരും കണ്ണൂരില്‍ പരിഗണിക്കുന്നുണ്ട്. സുകന്യക്ക് കണ്ണൂരില്‍ നറുക്കുവീണാല്‍ വടകരയില്‍ ഗോവിന്ദന്‍ മാസ്റ്റര്‍ മത്സരിക്കും. കാസര്‍കോഡ് മുന്‍ എം എല്‍ എ സതീഷ് ചന്ദ്രന്‍ ജനവിധി തേടും. നിലവില്‍ കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലാണ് പാര്‍ട്ടിക്ക് എം പിമാരുള്ളത്. ചാലക്കുടി, ഇടുക്കി എന്നിവിടങ്ങളില്‍ ഇടതുസ്വതന്ത്രന്മാരും ലോകസഭയില്‍ അംഗങ്ങളായുണ്ട്. കഴിഞ്ഞതവണ ആകെയുള്ള 20 സീറ്റില്‍ 14 മണ്ഡലങ്ങളിലാണ് സി പി എം പാര്‍ട്ടി ചിഹ്നത്തിലും സ്വതന്ത്ര വേഷത്തിലും സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. 2019 ല്‍ 15 ഓളം മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനുള്ള ആലോചനയിലാണ് സി പി എം. ജനതാദള്‍ എസിന് നല്‍കിയ കോട്ടയം മണ്ഡലം ഇത്തവണ സി പി എം ഏറ്റെടുക്കും. വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പ്രാഥമിക പട്ടികയും സി പി എം സംസ്ഥാന കമ്മറ്റി തയ്യാറായിക്കി കഴിഞ്ഞു.
ദേശീയ രാഷ്ടീയത്തില്‍ സി പി എമ്മിന്റെ പ്രസക്തി ഇല്ലാതാകുന്ന അവസ്ഥ ഒഴിവാക്കാന്‍ കേരളത്തില്‍ നിന്നും കൂടുതല്‍ സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വിജയിച്ച് വരേണ്ടത് അത്യാവശ്യമാണെന്ന സന്ദേശം സി പി എം കേന്ദ്ര നേതൃത്വം മുഖ്യമന്ത്രി പിണറായി, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെ കാലേകൂട്ടി അറിയിച്ച് കഴിഞ്ഞു. ബംഗാളിലും തൃപുരയിലും സി പി എമ്മിന് സ്വന്തം നിലയില്‍ പാര്‍ട്ടി സ്ഥാനാാര്‍ഥികളെ വിജയിപ്പിച്ചെടുക്കാന്‍ കഴിയാത്ത രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്നത് തിരിച്ചറിഞ്ഞാണ് കേരളത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സി പി എം കാലേകൂട്ടി യ്യാറെടുപ്പ് തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *