സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു

Kerala Latest News

തൃശൂര്‍: സംവിധായകനും തിരക്കഥാകൃത്തുമായ ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ആണ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ വിവരം പങ്കുവച്ചത്. ഹൃദയാഘാതം മൂലം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ചാണ് മരണം.

അറുപതുകളുടെ മധ്യത്തോടെ ഫോട്ടോഗ്രാഫറായി ജീവിതം ആരംഭിച്ച അദ്ദേഹം എറണാകുളത്തേക്കു മാറി ഈസ്റ്റ്മാന്‍ എന്ന പേരില്‍ സ്റ്റുഡിയോ ആരംഭിച്ചു. അങ്ങനെയാണ് ആന്റണി ഈസ്റ്റ്മാന്‍ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. പത്രങ്ങള്‍ക്കായാണ് ആദ്യ ഫോട്ടോ എടുത്ത് തുടങ്ങിയത്. പിന്നീട് വാരികകള്‍ക്ക് വേണ്ടി സിനിമാക്കാരുടെ ചിത്രങ്ങള്‍ എടുത്തു തുടങ്ങി. അങ്ങനെയാണ് സിനിമാ മേഖലയില്‍ എത്തുന്നത്.

നിശ്ചല ഛായാഗ്രാഹകനായി സിനിമാജീവിതം തുടങ്ങിയ അദ്ദേഹം പിന്നീട് സംവിധാനം, നിര്‍മ്മാണം, തിരക്കഥ, കഥ തുടങ്ങി വിവിധ മേഖലകളില്‍ തിളങ്ങി. നടി സില്‍ക്ക് സ്മിതയെ സിനിമാ രംഗത്തെത്തിച്ചയാളാണ് ആന്റണി ഈസ്റ്റ്മാന്‍. 1979ല്‍ പുറത്തിറങ്ങിയ ഇണയെത്തേടി എന്ന ചിത്രത്തിനു നായികയെത്തേടി കോടമ്പാക്കത്ത് എത്തിയ അദ്ദേഹം വിജയലക്ഷ്മി എന്ന 19കാരിയെ കാണുകയും ആ പേര് മാറ്റി സ്മിത എന്നാക്കി സിനിമയിലെ നായികയാക്കുകയും ചെയ്തു. ആന്റണി ആദ്യമായി സംവിധാനം ചെയ്ത സിനിമയയായിരുന്നു ഇണയെത്തേടി.

അമ്പട ഞാനേ, വര്‍ണ്ണത്തേര്, ഐസ്‌ക്രീം തുടങ്ങി ആറ് സിനിമകള്‍ സംവിധാനം ചെയ്ത അദേഹം ഈ ലോകം ഇവിടെ കുറേ മനുഷ്യര്‍, തസ്‌കര വീരന്‍ തുടങ്ങി 9 സിനിമകള്‍ക്ക് കഥ എഴുതി. മൃദുലയുടെ തിരക്കഥ ഒരുക്കിയതും അദ്ദേഹമാണ്. പിജി വിശ്വംഭരന്റെ പാര്‍വതീ പരിണയം എന്ന സിനിമ നിര്‍മ്മിച്ചതും ആന്റണി ഈസ്റ്റ്മാന്‍ ആണ്.

Leave a Reply

Your email address will not be published. Required fields are marked *