ന്യൂഡല്‍ഹി: രാജ്യത്ത് പക്ഷിപനി ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ഹരിയാന സ്വദേശിയായ 11 വയസുകാരനാണ് പക്ഷിപ്പനി ബാധിച്ച് മരിച്ചത്. ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലായിരുന്നു കുട്ടി.
ഇന്ത്യയില്‍ ആദ്യമായാണ് മനുഷ്യരിയില്‍ എച്ച്5എന്‍1 സ്ഥിരീകരിക്കുന്നത്. രാജ്യത്തെ ഈ വര്‍ഷത്തെ ആദ്യ പക്ഷിപ്പനി മരണം കൂടിയാണിത്. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്.
ജൂലൈ രണ്ടിനാണ് ഹരിയാന സ്വദേശിയായ സുശീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ന്യുമോണിയ, ലുക്കിമിയ തുടങ്ങിയ രോഗലക്ഷണങ്ങളോടെയാണ് കുട്ടിയെ ചികിത്സയ്ക്ക് എത്തിച്ചത്. കുട്ടിയെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്. ഹരിയാനയില്‍ ഈ വര്‍ഷം ആദ്യം പതിനായിരകണക്കിന് പക്ഷികള്‍ക്ക് പക്ഷിപനി സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നിരവധി പക്ഷികള്‍ ചാവുകയും ചെയ്തിരുന്നു.