ആര്‍ അജിരാജകുമാര്‍
കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയത്തിന് പിന്നാലെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി രാജ്യസഭാ അംഗത്വം രാജിവെക്കുന്നു. ജനുവരി ആദ്യവാരം രാജിക്കത്ത് രാജ്യസഭാ ഉപാധ്യക്ഷന് കൈമാറും. ജോസിന് പിന്‍ഗാമിയായി കേരള കോണ്‍ഗ്രസിനെ രാജ്യസഭയില്‍ പ്രതിനിധീകരിക്കാന്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് കള്ളിവയല്‍ എത്തുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് കള്ളിവയലുമായി ജോസ് കെ മാണി ചര്‍ച്ച നടത്തി.
കത്തോലിക്ക സഭയുടെ പ്രത്യേകിച്ച് പാലാ രൂപതയുടെ താല്‍പര്യവും കേരള കോണ്‍ഗ്രസിന്റെ സഹയാത്രകനായി അറിയപ്പെടുന്ന ജോര്‍ജ് കള്ളിവയലിനെ രാജ്യസഭയിലേക്ക് അയക്കാന്‍ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിച്ച മുഖ്യഘടകം. കാഞ്ഞിരപ്പള്ളി സിറ്റിങ് എംഎല്‍എ എന്‍. ജയരാജില്‍ നിന്നും സീറ്റ് തിരികെ വാങ്ങി അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് നിയോഗിക്കാനും പകരം സീറ്റ് സിപിഐ യ്ക്ക് നല്‍കാനുമുള്ള ഫോര്‍മുല എല്‍ ഡി എഫില്‍ ആദ്യം മുതല്‍ക്കേ ചര്‍ച്ചയിലുണ്ടായിരുന്നുവെങ്കിലും രാഷ്ട്രീയമായി ഇത് ഗുണമാകില്ലെന്നു കണ്ട് ഉപേക്ഷിച്ചിരിക്കുകയാണ്. ഇതോടെയാണ് മാധ്യമപ്രവര്‍ത്തകനായ ജോര്‍ജ് കള്ളിവയലിന് സാധ്യതയേറിയത്. രാഷ്ട്രീയ വ്യത്യാസം മറന്ന് പ്രധാനമന്ത്രി അടക്കമുള്ള നേതാക്കളുമായുള്ള സൗഹൃദങ്ങളും രാജ്യാന്തര ബന്ധങ്ങളുമാണ് ജോര്‍ജ് കള്ളിവയലിന് അനുകൂലഘടകങ്ങള്‍.
പാലായിലെ അതിപുരാതന കുടുംബാംഗമായ കള്ളിവയലിന്റെ പുതിയ നിയോഗം കേരള കോണ്‍ഗ്രസിന് പാലാ, കടുത്തുരുത്തി നിയോജക മണ്ഡലങ്ങളില്‍ കൂടുതല്‍ വേരോട്ടത്തിന് വഴിവെക്കുമെന്ന കണക്കുകൂട്ടലും പാര്‍ട്ടി നേതൃത്വത്തിനുണ്ട്.
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയത്തിന് പിന്നാലെ രാജ്യസഭാ സീറ്റ് ഉടനെ രാജി വയ്ക്കുമെന്ന് ജോസ്. കെ. മാണി വ്യക്തമാക്കിയിരുന്നു. ഒഴിവുവരുന്ന സീറ്റ് കേരള കോണ്‍ഗ്രസിന് (എം) തന്നെ നല്‍കാനാണ് എല്‍ ഡി എഫിലെ ധാരണ. കൈസ്തവ മേഖലകളില്‍ കൂടുതല്‍ സാന്നിധ്യം ഉറപ്പിക്കാന്‍ പ്രത്യേകിച്ച് ജോസ് കെ മാണിയുടെ വരവോടെ ഇടതുമുന്നണിയുടെ അടിത്തറ മധ്യകേരളത്തില്‍ കൂടുതല്‍ ശക്തമായെന്ന വിലയിരുത്തലാണ് സി പി എം കോട്ടയം ജില്ലാ കമ്മറ്റി നടത്തിയിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ ക്രൈസ്തവ മേലധ്യക്ഷന്മാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള നീക്കങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആലോചിക്കുന്നത്. ഡിസംബര്‍ അവസാന വാരം കേരള കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് ഭാവി രാഷ്ട്രീയ പരിപാടികള്‍ക്ക് രൂപം നല്‍കും.