ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി വെച്ചു

Kerala Latest News

തിരുവനന്തപുരം:ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി വെച്ചു. വൊക്കേഷണൽ ഹയർ സെക്കൻ്ററി പരീക്ഷകളും മാറ്റി.28-ന് തുടങ്ങുന്ന പരീക്ഷകളാണ് മാറ്റിയത്.കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

താത്കാലികമായി മാറ്റിവെച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.മെയ് മാസത്തില്‍ കൊവിഡ് വ്യാപന തോത് അനുസരിച്ച് പ്രായോഗിക പരീക്ഷ നടത്താമെന്നാണ് ഇപ്പോഴത്തെ ധാരണ. എന്നാല്‍ കൊവിഡ് വ്യാപനം തീവ്രമായി തന്നെ തുടരുകയാണെങ്കില്‍ പ്രായോഗിക പരീക്ഷ പൂര്‍ണമായും ഒഴിവാക്കിയേക്കും. പകരം തിയറി മാര്‍ക്കിന്റെ ശരാശരി കണക്കാക്കി പ്രായോഗിക പരീക്ഷയുടെ മാര്‍ക്ക് നിശ്ചയിക്കാനാണ് ആലോചന.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് മനുഷ്യാവകാശ കമ്മീഷന് വിശദീകരണം നല്‍കും. പരീക്ഷ മാറ്റിവയ്ക്കണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികളുടെ ഐ.ടി. പരീക്ഷകളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.ഏപ്രില്‍ 29-ന് എസ്.എസ്.എല്‍.സി. പരീക്ഷകള്‍ പൂര്‍ത്തിയായശേഷം മേയ് അഞ്ചുമുതല്‍ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷകള്‍ തുടങ്ങാനാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. അതത് സ്‌കൂളില്‍തന്നെയാണ് പരീക്ഷ. 14-ാം തീയതിക്കുള്ളില്‍ തീര്‍ക്കാനാണ് നിര്‍ദേശം. കുട്ടികളെ വിവിധ ബാച്ചുകളായി തിരിച്ച് പരീക്ഷ നടത്താനാണ് തീരുമാനമെങ്കിലും കോവിഡ് സുരക്ഷ എങ്ങനെ പാലിക്കുമെന്ന കാര്യത്തിലാണ് അധ്യാപകര്‍ക്ക് ആശങ്ക.

Leave a Reply

Your email address will not be published. Required fields are marked *