തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്നതും, ഓണക്കാലത്തെ തിരക്കും കണക്കിലെടുത്ത് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം. കൊവിഡ് മാനദണ്ഡവും സാമൂഹിക അകലവും കൃത്യമായി പാലിക്കുന്നുണ്ടോ എന്നാകും പരിശോധിക്കുക. വരും ദിവസങ്ങളില്‍ കൊവിഡ് വ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
ജില്ലാ അധികൃതര്‍ക്ക് പുറമേ, പോലീസിനോടും പരിശോധന വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പരിശോധനയുടെ പേരില്‍ വ്യാപാരികളെയും ജനങ്ങളെയും ബുദ്ധിമുട്ടിക്കരുതെന്നും പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിവാര രോഗനിരക്ക് (ഐപിആര്‍) അടിസ്ഥാനമാക്കി തദ്ദേശസ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ഡൗണ്‍ സംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങള്‍ ബുധനാഴ്ച എടുക്കും.
ഐപിആര്‍ എട്ടിന് മുകളിലുള്ള പ്രദേശങ്ങളിലാണ് ലോക്ഡൗണ്‍. നിലവില്‍ 87 തദ്ദേശ സ്ഥാപനങ്ങളിലെ 634 വാര്‍ഡുകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഐപിആര്‍ 14 ല്‍ കൂടുതലുള്ള ജില്ലകളില്‍ മെക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍ 50 ശതമാനം വര്‍ധിപ്പിക്കും. രോഗവ്യാപനമുണ്ടായാല്‍ ചെറിയ പ്രദേശത്തെ പോലും ഇനി മൈക്രോ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് 22-ാം തീയതി ഞായറാഴ്ച ലോക്ഡൗണ്‍ ഇല്ല.