കൊച്ചി: ജെസ്ന മരിയ ജയിംസ് തിരോധാനക്കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി. തിരുവനന്തപുരം യൂണിറ്റിന് അന്വേഷണ ചുമതല. വാഹന സൗകര്യം ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം. കേസ് ഡയറി അടക്കമുള്ള രേഖകള്‍ കൈമാറാന്‍ പോലീസിന് കോടതി നിര്‍ദേശം നല്കി.
കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ നിലപാട് എടുത്തതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്നയുടെ തിരോധാനത്തിന് അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്ന് കരുതുന്നതായി സിബിഐ കോടതിയില്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലുള്ള പ്രതീക്ഷ അവസാനിച്ചുവെന്നും കേസ് ഏറ്റെടുക്കാന്‍ സിബിഐയ്ക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളജില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായിരുന്ന ജെസ്ന മരിയ ജെയിംസിനെ കാണാതാകുന്നത്. സാധ്യമായ രീതിയില്‍ അന്വേഷണം നടത്തിയെങ്കിലും ജെസ്നയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.