ആര്‍ അജിരാജകുമാര്‍
തിരുവനന്തപുരം: എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന എം വി ശ്രേയാംസ്‌കുമാറിന് വോട്ട് ചെയ്ത് ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് വിഭാഗം യു ഡി എഫ് ബന്ധം അവസാനിപ്പിക്കുന്നു. ഈ മാസം 24 ന് ചേരുന്ന നിയമസഭാ സമ്മേളനത്തിനൊപ്പം നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം ജോസ് കെ മാണിയെയും കൂട്ടരെയും ഔദ്യോഗികമായി സ്വാഗതം ചെയ്ത് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് എത്തും.
വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യകണ്ണിയായ സ്വപ്‌ന സുരേഷുമായുള്ള വഴിവിട്ട ഇടപാടുകളില്‍ പ്രതിഛായ നഷ്ടപ്പെട്ട സി പി എമ്മിന് മുന്നിലുള്ള ഏക പിടിവള്ളിയാണ് ജോസ് കെ മാണിയെയും കൂട്ടരെയും ഇടതുപാളയത്തില്‍ എത്തിച്ച് യു ഡി എഫിലെ വിള്ളല്‍ പൊതുജനമധ്യത്തില്‍ അവതരിപ്പിക്കല്‍. വരുന്ന തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മധ്യകേരളത്തില്‍ ക്രൈസ്തവ ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് പ്രതിനിധികളെ മത്സരിപ്പിക്കാന്‍ ഇടതുമുന്നണി അവസരം നല്‍കും. നിയമസഭയിലേക്ക് ജോസ് കെ മാണി വിഭാഗം പത്ത് സീറ്റുകളാണ് സി പി എമ്മിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ എന്‍ സി പിയുടെ കൈവശമുള്ള പാലാ മണ്ഡലം അടക്കം ഏഴ് സീറ്റുകളില്‍ ജോസ് പക്ഷത്തിന് നല്‍കാന്‍ എല്‍ ഡി എഫില്‍ ധാരണയായിട്ടുണ്ട്. ജോസ് കെ മാണി രാജ്യസഭാ അംഗത്വം രാജിവെക്കുന്ന സീറ്റ് മാണി സി കാപ്പന് വെച്ചുമാറിയാണ് കെ എം മാണിയുടെ തട്ടകമായ പാലാ സീറ്റ് ജോസ് പക്ഷത്തിന് നല്‍കുക. റോഷി അഗസ്റ്റിന്റെ ഇടുക്കി, ഡോ. എന്‍ ജയരാജിന്റെ കാഞ്ഞിരപ്പള്ളി സീറ്റുകളും ചങ്ങനാശേരി, കടുത്തുരുത്തി, പൂഞ്ഞാര്‍, റാന്നി സീറ്റുമാണ് ജോസ് കെ മാണി വിഭാഗത്തിന് നല്‍കാന്‍ ധാരണയായിട്ടുള്ളത്. എന്നാല്‍ മലബാറിലെ ക്രൈസ്തവ കുടിയേറ്റ മേഖലകളായ ഇരിക്കൂര്‍, തിരുവമ്പാടി മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയും വേണമെന്ന് ജോസ് പക്ഷം സി പി എമ്മിനോട് ആവശ്യപ്പെട്ടെങ്കിലും തല്‍ക്കാലം ഏഴ് സീറ്റ് എന്ന നിലയില്‍ മുന്നണി പ്രവേശനം നടക്കട്ടെയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം വെച്ചത്.
ജോസ് പക്ഷത്തെ എല്‍ ഡി എഫില്‍ ഘടകക്ഷിയാക്കുന്നതിനെ ശക്തമായി എതിര്‍ത്തുവരുന്ന സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വിശ്വാസത്തിലെടുത്താണ് സി പി എമ്മിന്റെ രാഷ്ട്രീയ നീക്കം. സമീപകാലത്തുണ്ടായ രാഷ്ട്രീയ വിവാദങ്ങളില്‍ പ്രതിഛായ നഷ്ടപ്പെട്ട ഇടതുസര്‍ക്കാന് പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ടും യു ഡി എഫിലെ അനൈക്യം പൊതുജനമധ്യത്തില്‍ തുറന്നുകാട്ടാന്‍ കിട്ടിയ സുവര്‍ണ്ണവസരമാണ് ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിന്റെ ഇടതുമുന്നണി പ്രവേശനം.
കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസില്‍ ഉടലെടുത്ത മൂപ്പിളത്തര്‍ക്കം ഒടുവില്‍ പി ജെ ജോസഫ്- ജോസ് കെ മാണി വിഭാഗങ്ങളുടെ വേര്‍പിരിയലിനാണ് നാന്ദികുറിച്ചിരിക്കുന്നത്.
നിയമസഭയില്‍ കേരള കോണ്‍ഗ്രസിന്റെ ചീഫ് വിപ്പായിരുന്ന റോഷി അഗസ്റ്റിനെ മാറ്റി ജോസഫ് വിഭാഗത്തിലെ മോന്‍സ് ജോസഫിനെ നിയമിച്ചെങ്കിലും ഈ തീരുമാനത്തിന് നിയമസഭാ സ്പീക്കറുടെ അംഗീകാരം ലഭിച്ചിരുന്നില്ല. ഇതുകാരണം എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയാല്‍ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് ജോസ് കെ മാണി വിഭാഗത്തിന് ലഭിച്ച നിയമോപദേശം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുവില്‍ കൈയ്യടി കിട്ടിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി വിവാദങ്ങള്‍ ഒന്നിനുപിറകെ ഒന്നായി വന്ന് പിണറായി വിജയനും ഇടതുസര്‍ക്കാരിനും കൂനിന്മേല്‍ കുരുവായി മാറിയിരിക്കുന്നു.
ഈ രാഷ്ട്രീയ സാഹചര്യം പരമാവധി മുതലെടുത്ത് വരുന്ന തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിലും നിയമസഭയിലും മേല്‍ക്കൈ സ്വപ്‌നം കണ്ടിരിക്കുന്ന യു ഡി എഫില്‍ വിള്ളലുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ജോസ് കെ മാണി വിഭാഗത്തെ ഇടതുപാളത്തില്‍ എത്തിക്കാന്‍ സി പി എം ധൃതികാട്ടുന്നതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.