കെ.ആർ ഗൗരിയമ്മ അന്തരിച്ചു

Kerala Latest News

തിരുവനന്തപുരം:വിപ്ലവ കേരളത്തിൻ്റെ വീര ഇതിഹാസം കെ.ആർ.ഗൗരിയമ്മ അന്തരിച്ചു. പനി ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു.102 വയസായിരുന്നു കടുത്ത അണുബാധയെ തുടർന്നായിരുന്നു അന്ത്യം.1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയിൽ റവന്യൂ മന്ത്രിയായിരുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങൾ അലട്ടിയിരുന്ന കെആര്‍ ഗൗരിയമ്മ ഏതാനും ദിവസം മുമ്പാണ് ആലപ്പുഴ ചാത്തനാത്തെ വീട്ടിൽ നിന്നും തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് എത്തിയത്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയും ജനസേവന രംഗത്തേക്ക് ഇറങ്ങിയ കെആര്‍ ഗൗരിയമ്മയെ മാറ്റിനിര്‍ത്തിയാൽ അപൂര്‍ണ്ണമാണ് കേരള രാഷ്ട്രീയ ചരിത്രം. അൻപതുകളുടെ അവസാനം തുടങ്ങി പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തിൽ ജ്വലിച്ച് നിന്ന വിപ്ലവ നക്ഷത്രമായിരുന്നു കെആര്‍ ഗൗരി.

പോരാളിയെന്ന വിളിപ്പേരിനെ അക്ഷരാര്‍ത്ഥത്തിൽ അന്വര്‍ത്ഥമാക്കിയ ജീവിതം. സ്ത്രീകൾക്ക് പ്രാമുഖ്യമില്ലാതിരുന്ന കാലത്താണ് ട്രേഡ് യൂണിയൻ പ്രവര്‍ത്തനങ്ങളിലൂടെയും കര്‍ഷക പ്രസ്ഥാനങ്ങളിലൂടെയും കെആര്‍ ഗൗരിയമ്മ കേരള രാഷ്ട്രീയത്തിൽ ഇടം ഉറപ്പിക്കുന്നത്.

തിരുക്കൊച്ചി നിയമസഭയിലേക്ക് രണ്ട് തവണ ജനവിധി നേടിയ ഗൗരിയമ്മ 1957 ലെ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ റവന്യു മന്ത്രിയായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ കോളിളക്കം സൃഷ്ടിച്ച കാര്‍ഷിക പരിഷ്കരണ നിയമം പാസാക്കിയത് കെആര്‍ ഗൗരിയമ്മയാണ്.

കുടിയൊഴിപ്പിക്കൽ നിരോധന നിയമം, ഭൂപരിഷ്കരണ നിയമം, വനിതാ കമ്മീഷൻ നിയമം, അഴിമതി നിരോധന നിയമം തുടങ്ങി സ്വാതന്ത്ര്യാനന്തരമുള്ള കേരളത്തിന്‍റെ സാമൂഹിക സാമ്പത്തിക അന്തരീക്ഷത്തിന്റെ തലവര മാറ്റിയെഴുതുന്ന ഒട്ടേറെ പ്രസക്തമായ ഇടപെടലുകൾക്ക് ഗൗരിയമ്മ എന്ന പ്രഗത്ഭയായ ഭരണാധികാരി തുടക്കമിട്ടു.

1919 ജൂലൈ 14-ന് ആലപ്പുഴയിലെ ചേർത്തലയിലായിരുന്നു ഗൗരിയമ്മയുടെ ജനനം. എറണാകുളം മഹാരാജാസ് കോളേജിലും ലോ കോളേജിലുമായി പഠനം പൂർത്തിയാക്കി. നിയമബിരുദം നേടിയ ശേഷം അഭിഭാഷക ജീവിതം തുടങ്ങും മുൻപായിരുന്നു ഗൗരിയമ്മയുടെ രാഷ്ട്രീയപ്രവേശം. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്ന ഗൗരിയമ്മ 1946-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു.

1957-ലെ ആദ്യ കേരള മന്ത്രിസഭയിൽ അംഗമായിരുന്ന ഗൗരിയമ്മ. റവന്യൂ, എക്സൈസ് വകുപ്പുകളുടെ ചുമതലയാണ് അന്ന് വഹിച്ചിരുന്നത്. പിന്നീട് വിവിധ സർക്കാരുകളിലായി അവർ അ‍ഞ്ച് തവണ മന്ത്രിയായി. കൃഷി, സാമൂഹ്യക്ഷേമം, വ്യവസായം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. ആകെ 11 തവണ നിയമസഭാംഗമായി തെര‍ഞ്ഞെടുക്കപ്പെട്ടു.

1957-ൽ ഇതേ മന്ത്രിസഭയിൽ അംഗമായിരുന്ന ടി.വി.തോമസിനെ ഗൗരിയമ്മ വിവാഹം ചെയ്തു. പാർട്ടി മുൻകൈയ്യെടുത്ത നടത്തിയ വിവാഹമായിരുന്നു ഇത്. 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം ഗൗരിയമ്മ ഉറച്ചു നിന്നു. എന്നാൽ ടി.വി സിപിഐയോടൊപ്പമായിരുന്നു. രാഷ്ട്രീയയാത്രയിലുണ്ടായ ഈ വഴിമാറ്റം അവരുടെ ദാമ്പത്യജീവിതത്തേയും വലിയ രീതിയിൽ ബാധിച്ചു. ഇടക്കാലത്ത് സജീവരാഷ്ട്രീയത്തിൽ നിന്നും വിട്ടു നിന്ന ഗൗരിയമ്മ പൂ‍ർണമായും കുടുംബജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും രണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കിടയിലെ പോരിൽ ആ ദാമ്പത്യം ഞെരിഞ്ഞമർന്നു.

1987 ൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഗൗരിയമ്മ പക്ഷേ 1994 ൽ സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടു. അതേ വർഷം അവർ ജെഎസ്എസ് എന്ന പാർട്ടി രൂപീകരിച്ചു. 2019 വരെ ജെഎസ്എസിന്റെ ജനറൽ സെക്രട്ടറിയായിരുന്നു ഗൗരിയമ്മ. സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട 1994 മുതൽ 2016 വരെ യുഡിഎഫിനൊപ്പം നിന്ന ഗൗരിയമ്മയെ പിന്നീട് ക്ഷണിതാവ് സ്ഥാനം നൽകി സിപിഎം എൽഡിഎഫിലേക്ക് കൊണ്ടു വന്നു. ഗൗരിയമ്മയുടെ ആത്മകഥയ്ക്ക് 2011-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *