KANNUR AIR PROT

കണ്ണൂര്‍ വിമാനത്താവളത്തിന് എ ബി വാജ്‌പേയ്‌യുടെ പേര് നിര്‍ദേശിച്ച് ബി ജെ പി രംഗത്ത്

Latest News
ആര്‍ അജിരാജകുമാര്‍
തിരുവനന്തപുരം: ഡിസംബര്‍ 9 ന് കണ്ണൂര്‍ വിമാനത്താവളം രാഷ്ട്രത്തിന് സമര്‍പ്പിക്കാനിരിക്കെ വിമാനത്താവളത്തിന് മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയ്‌യുടെ പേര് നിര്‍ദേശിച്ച് ബി ജെ പി രംഗത്ത്. വിമാനത്താവളത്തിന് മുന്‍ മുഖ്യമന്ത്രിയും സി പി എം നേതാവുമായിരുന്ന കണ്ണൂര്‍ സ്വദേശി ഇ കെ നായനാരുടെ പേരിടാനാണ് സി പി എം ആലോചന തുടങ്ങിയത്. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടതു സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതിയായി ഉയര്‍ത്തിക്കാട്ടാന്‍ സി പി എം അണിയറയില്‍ നീക്കങ്ങള്‍ തുടങ്ങിയതോടെയാണ് പേര് സംബന്ധിച്ച് ഉടക്കുമായി ബി ജെ പി രംഗത്ത് എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ ഈമാസം അവസാനം സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ ഡല്‍ഹിയില്‍ പോകാനിരിക്കെയാണ് വാജ്‌പേയിയുടെ പേര് ബി ജെ പി വിമാനത്താവളത്തിന് നിര്‍ദേശിച്ചിരിക്കുന്നത്. വിമാനത്താവളങ്ങളുടെ പേര് സംബന്ധിച്ച് അന്തിമ തീരുമാനം സിവില്‍ വ്യോമയാന വകുപ്പാണ് കൈകൊള്ളുന്നത്. ഈ പരമാധികാരം ഉപയോഗിച്ച് കാര്യങ്ങള്‍ അനുകൂലമാക്കാനാണ് ബി ജെ പി ശ്രമമെന്ന് സി പി എം ആരോപിക്കുന്നു. വിമാനത്താവളത്തിനുളള ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച ഡി.ജി.സി.എ അനുവദിച്ചിരുന്നു. അതേ തുടര്‍ന്നാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചത്. 3,050 മീറ്റര്‍ റണ്‍വെയാണ് ഇപ്പോഴുളളത്. അത് 4,000 മീറ്ററായി നീട്ടാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 2,300 ഏക്രറിലാണ് മികച്ച ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുളളത്. യാത്രക്കാര്‍ക്കുളള ടെര്‍മിനല്‍ ബില്‍ഡിംഗിന്റെ വിസ്തീര്‍ണ്ണം 97,000 ചതുരശ്രമീറ്ററാണ്. 1.05 ലക്ഷം ചതുരശ്രയടിയുളള അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്‌സ് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു. വിമാനത്താവളത്തിനകത്തു തന്നെ നല്ല സൗകര്യമുളള ഹോട്ടലും ഒരുക്കിയിട്ടുണ്ട്.
24 ചെക്ക് ഇന്‍ കൗണ്ടറുകളും സെല്‍ഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളും സെല്‍ഫ് ചെക്കിംഗ് മെഷീനുകളും സജ്ജമായി കഴിഞ്ഞു. വരുന്നവര്‍ക്കും പോകുന്നവര്‍ക്കുമായി 32 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ ഉണ്ടാകും. ഇതിന്റെ പുറമെ 4 ഇ-വിസ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കസ്റ്റംസ് കൗണ്ടറുകള്‍ 16 എണ്ണമാണ്. 6 ഏറോ ബ്രിഡ്ജുകളാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുളളത്. ബോയിംഗ് 777 പോലുളള വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുളള എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തിലുണ്ട്. 20 വിമാനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാം. വാഹനപാര്‍ക്കിംഗിന് വിശാലമായ സൗകര്യമുണ്ട്.
700 കാറുകളും 200 ടാക്‌സികളും 25 ബസ്സുകളും ഒരേ സമയം പാര്‍ക്ക് ചെയ്യാം. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് യര്‍വെയ്‌സ്, സ്‌പൈസ് ജെറ്റ്, ഗോ എയര്‍, ഇന്‍ഡിഗോ തുടങ്ങിയ വിമാനകമ്പിനികളാണ് കണ്ണൂരില്‍ നിന്നും തുടക്കത്തില്‍ സര്‍വ്വീസ് നടത്താന്‍ താല്‍പര്യം അറിയിച്ചിരിക്കുന്നത്. ആഭ്യന്തര വിദേശ സര്‍വ്വീസുകള്‍ നടത്താന്‍ ഇന്ത്യയില്‍ നിന്നുള്ള വിമാന കമ്പിനികള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്. കുറഞ്ഞ ചെലവില്‍ യാത്ര ഉറപ്പാക്കുന്ന ഉഡാന്‍ (ഉഡേ ദേശ്കാ ആം നാഗരിക് ) പദ്ധതിയിലും കണ്ണൂര്‍ വിമാനത്താവളത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *