ആര്‍ അജിരാജകുമാര്‍
കോട്ടയം: ഇടതുമുന്നണിയില്‍ ഘടകകക്ഷിയാകുന്നത് സംബന്ധിച്ച് അവസാനവട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തില്‍ വന്‍ പൊട്ടിത്തെറി. എല്‍ ഡി എഫുമായി ജോസ് കെ മാണിയുടെ ചങ്ങാത്തത്തിനെതിരെ പാര്‍ട്ടി എം എല്‍ എമാരായ റോഷി അഗസ്റ്റിനും എന്‍ ജയരാജും വരും ദിവസങ്ങളില്‍ പരസ്യമായി രംഗത്ത് എത്തും. പാര്‍ട്ടിയില്‍ യാതൊരു കൂടിയാലോചനകളും ഇല്ലാതെ ഏകപക്ഷീയമായി സി പി എമ്മുമായി ധാരണയുണ്ടാക്കിയ ജോസ് കെ മാണിയുടെ രാഷ്ട്രീയ നീക്കമാണ് ഇരുനേതാക്കളെയും ചൊടിപ്പിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിനും സി പി എമ്മിനുമെതിരെ നിരവധി അഴിമതി ആരോപണങ്ങളും, ഭരണമുന്നണി നേതാക്കളും മക്കളും സി ബി ഐയുടെയും എന്‍ ഐ എയുടെയും അന്വേഷണ പരിധിയില്‍ വന്നതോടെ സംസ്ഥാനത്ത് ഇടതുമുന്നണിയുടെ പ്രതിഛായക്ക് വലിയ കളങ്കമാണ് ഏറ്റിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എല്‍ ഡി എഫിമായുള്ള ചങ്ങാത്തത്തില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ ഭൂരിപക്ഷം നേതാക്കളും പ്രവര്‍ത്തകരും അസംതൃപ്തരാണ്. ഇത്തരം എതിര്‍പ്പുകള്‍ പാടേ അവഗണിച്ച് പാര്‍ട്ടി നേതാക്കളെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി സി പി എമ്മുമായി രാഷ്ട്രീയ ധാരണകള്‍ ഉണ്ടാക്കാന്‍ ജോസ് കെ മാണി ശ്രമം തുടങ്ങിയത്. ഈ നീക്കം അപകടമാണെന്ന് കേരള കോണ്‍ഗ്രസ് എം എല്‍ എമാരായ റോഷി അഗസ്റ്റിനും എന്‍ ജയരാജും അറിയിച്ചിട്ടും ജോസ് കെ മാണി ചെവിക്കൊണ്ടിട്ടില്ല. ഇതോടെയാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തി പുറത്തുവരാന്‍ എം എല്‍ എമാര്‍ ആലോചന തുടങ്ങിയിരിക്കുന്നത്. യു ഡി എഫില്‍ നിന്നും പുറത്തുപോയെങ്കിലും സ്വതന്ത്ര നിലപാടുമായി പാര്‍ട്ടി മുന്നോട്ടുപോകുമെന്നാണ് കേരള കോണ്‍ഗ്രസ് നേതൃത്വം നാളിതുവരെ വ്യക്തമാക്കിയിരുന്നത്.
തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുമായി ചങ്ങാത്തം ഉണ്ടാക്കുന്നത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് ജോസ് കെ മാണിക്കൊപ്പം നിലയുറപ്പിച്ച നേതാക്കളുടെ മുന്നറിയിപ്പ് . സി പി എമ്മിന്റെ പ്രാദേശിക ഘടകങ്ങളുമായി ധാരണയുണ്ടാക്കാന്‍ സംസ്ഥാന തലത്തില്‍ കേരള കോണ്‍ഗ്രസ്- സി പി എം നേതാക്കള്‍ അനൗദ്യോഗികമായി ധാരണയിലെത്തിയിട്ടുണ്ട്. എന്നാല്‍ കേരള കോണ്‍ഗ്രസിന് സ്വാധീനമുള്ള മേഖലകളില്‍ പോലും യു ഡി എഫില്‍ ലഭിച്ചിരുന്ന പരിഗണന ഇടതുമുന്നണി നേതൃത്വം നല്‍കുന്നില്ലെന്ന പരിഭവം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. കേരള കോണ്‍ഗ്രസിന്റെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഈ മാസം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. അപ്രതീക്ഷിതമായി പാര്‍ട്ടി എംഎല്‍ എമാര്‍ കലാപക്കൊടി ഉയര്‍ത്തിയാല്‍ കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവി തന്നെ അപകടാവസ്ഥയിലാകുന്ന സ്ഥിതിയിലാവും കാര്യങ്ങള്‍. റോഷി അഗസ്റ്റിന്‍ ഇടതുമുന്നണിയുമായി കൂട്ടുകൂടുന്നതില്‍ ഇടുക്കി രൂപതയിലെ മെത്രാന്‍ന്മാര്‍ക്ക് താല്‍പര്യമില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഐക്യജനാധിപത്യ മുന്നണിക്ക് വളക്കൂറുള്ള ഇടുക്കി നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയം ഉറപ്പാക്കാന്‍ എല്‍ ഡി എഫ് കൂട്ടുകെട്ട് തിരിച്ചടിയുണ്ടാക്കുമെന്നും റോഷി ഭയക്കുന്നു.
ഇതിനിടെ, എന്‍ ജയരാജിന്റെ സി പി എമ്മുമായുള്ള ബാന്ധവത്തെ എതിര്‍ത്ത് എന്‍ എസ് എസ് നേതൃത്വവും രംഗത്തുണ്ടെന്നാണ് സൂചന. ജയരാജിന്റെ സിറ്റിംഗ് സീറ്റായ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ സി പി ഐയുടെ പ്രതിനിധിയാണ് കാലങ്ങളായി മത്സരിക്കുന്നത്. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ജന്മനാടുകൂടിയായ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതിലുള്ള അസൗകര്യം ഇതിനകം സി പി ഐ കോട്ടയം ജില്ലാ കമ്മറ്റി അറിയിച്ചുകഴിഞ്ഞു. ഈ പ്രത്യേക സാഹചര്യത്തില്‍ ഇടതുപാളയത്തില്‍ എത്തിയാല്‍ ചങ്ങനാശേരിയില്‍ മത്സരിക്കാന്‍ ജയരാജിന് അവസരം നല്‍കാമെന്നാണ് സി പി എം കോട്ടയം ജില്ലാ കമ്മറ്റി കേരള കോണ്‍ഗ്രസിനെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ എല്‍ ഡി എഫില്‍ പോകുന്നതിനെ തുടക്കത്തിലേ എതിര്‍ക്കുന്ന എന്‍ എസ് എസ് നേതൃത്വത്തെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്ന ഭയപ്പാടും ജയരാജിന്റെ മനംമാറ്റത്തിന് പിന്നിലുണ്ടെന്നാണ് വിവരം.
വര്‍ഷങ്ങളായി യു ഡി എഫുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാരമ്പര്യമാണ് മധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസ് സ്വീകരിച്ചുവരുന്നത്. കുറച്ചുദിവസങ്ങളായി ജോസ് കെ മാണിയുമായി മാനസികമായി അകന്നുകഴിയുന്ന റോഷി അഗസ്റ്റിനും, എന്‍ ജയരാജും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ തങ്ങളുടെ രാഷ്ട്രീയ നിലപാട് അറിയിക്കും. അധികം വൈകാതെ തങ്ങള്‍ക്കൊപ്പം യു ഡി എഫിന്റെ ബാനറില്‍ അണിചേരാന്‍ സന്നദ്ധരായ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലേക്ക് കോണ്‍ഗ്രസിന്റെ ആശിര്‍വാദത്തോടെ മടങ്ങാനാണ് അണിയറയില്‍ രാഷ്ട്രീയനീക്കങ്ങള്‍ പുരോഗമിക്കുന്നത്.