കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് തൊഴിൽ, ഗതാഗത മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ തൊഴിലാളി യൂണിയനുകളുമായി തുടർച്ചയായി രണ്ടാം ദീവസം നടത്തിയ ചർച്ചയും ധാരണയായില്ല. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയെച്ചൊല്ലിയാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്.
12 മണിക്കൂർ കണ്ടക്ടറും ഡ്രൈവറും ലഭ്യമായിരിക്കണം. സ്റ്റിയറിംഗ് ഡ്യൂട്ടി ഏഴര മണിക്കൂർ മാത്രമായിരിക്കും. 60 വർഷം മുൻപത്തെ നിയമം വെച്ച് സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് യൂണിയനുകൾ അറിയിച്ചു. 8 മണിക്കൂർ കഴിഞ്ഞു ബാക്കി സമം ഓവർടൈമായി കണക്കാക്കി വേതനം നൽകണമെന്ന നിർദേശത്തിലും തീരുമാനമായില്ല. അഞ്ചാം തീയതിക്കകം ശമ്പളം നൽകുന്ന കാര്യം മുഖ്യന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കും.
331 പേർക്കുള്ള സ്ഥലം മാറ്റ സംരക്ഷണം 30 പേർക്ക് മാത്രമാക്കണമെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. 100 പേർക്കെങ്കിലും സംരക്ഷണം നൽകണമെന്ന് തൊഴിലാളി യൂണിയനുകളും ആവശ്യപ്പെട്ടു.യൂണിയനുകളെ കൂടി ഉൾപ്പെടുത്തി ഉപദേശക ബോർഡ് രൂപീകരിക്കാൻ തീരുമാനമായി. എല്ലാ മാസവും സമരം ചെയ്യുന്നതും കേസുമായി പോകുന്നതും ശരിയല്ലെന്ന് മന്ത്രി ആൻറണി രാജു പറഞ്ഞു. ചില കാര്യങ്ങളിൽ നിയമോപദേശം തേടും. 22 ന് വീണ്ടും ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.