കെ പി സി സി ഭാരവാഹിപട്ടികയില്‍ സ്ഥിരം മുഖങ്ങള്‍ ഒഴിവാക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം, ഐ ഗ്രൂപ്പില്‍ ഭിന്നത രൂക്ഷം

Latest News

 

രാഷ്ട്രീയകാര്യ ലേഖകന്‍

ന്യൂഡല്‍ഹി: കെ പി സി സി ഭാരവാഹി പുനസംഘടനയില്‍ പതിവ് മുഖങ്ങളെ ഒഴിവാക്കി പട്ടിക തയ്യാറാക്കാന്‍ സംസ്ഥാന കോണ്‍ഗ്രസിന് ഹൈക്കമാന്‍ഡ് അടിയന്തര നിര്‍ദേശം നല്‍കി. ഗ്രൂപ്പുകളുടെ വീതംവെപ്പില്‍ കഴിവുറ്റ നിരവധി നേതാക്കള്‍ തഴയപ്പെടുന്നുവെന്ന ആക്ഷേപം ശക്തമായതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിഷയത്തില്‍ ഇടപെട്ടത്. മൂന്നുതവണയിലധികമായി കെ പി സി സി ഭാരവാഹികളായി തുടരുന്ന 25 ഓളം നേതാക്കളെ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായി ഫോണില്‍ ഇന്നലെ ആശയവിനിമയം നടത്തി.

വിവിധ ജില്ലകളില്‍ നിന്നും യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കികൊണ്ടുള്ള ഭാരവാഹി പട്ടിക നല്‍കാന്‍ ഡി സി സികളോട് നിര്‍ദേശിക്കാനും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. ഇതിനിടെ ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുള്ള ചില ഭാരവാഹികളുടെ ലിസ്റ്റ് മുല്ലപ്പള്ളിക്ക് മുകുള്‍ വാസ്‌നിക് കൈമാറിയതായും അറിയുന്നു. തമ്പാനൂര്‍ സതീഷ്, ആര്‍ അജിരാജകുമാര്‍ (തിരുവനന്തപുരം), എം എം നസീര്‍, സൂരജ് രവി (കൊല്ലം), പഴകുളം മധു, രജനീപ്രദീപ് (പത്തനംതിട്ട), അജീബ് ബെന്‍ മാത്യൂ, ഗോപകുമാര്‍ (കോട്ടയം), റഷീദ് പറമ്പന്‍ (മലപ്പുറം), ഐ കെ രാജു (എറണാകുളം), സുമേഷ് അച്യുതന്‍ (പാലക്കാട്) എന്നിവരടങ്ങിയ യുവാക്കളുടെ ലിസ്റ്റാണ് ഹൈക്കമാന്‍ഡ് നല്‍കിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈഴവ, മുസ്ലിം ഉള്‍പ്പെടെയുള്ള പിന്നാക്ക സമുദായങ്ങളെ അവഗണിച്ചെന്ന പരാതി ഒഴിവാക്കിയുള്ള ലിസ്റ്റ് തയ്യാറാക്കണമെന്ന നിര്‍ദേശവും സംസ്ഥാന ഘടകത്തിന് ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട്.

ഇതിനിടെ, കെ പി സി സി പുനസംഘടനയെചൊല്ലി ഐ ഗ്രൂപ്പില്‍ ഭിന്നത രൂക്ഷമായി. എം പിമാരെയും എം എല്‍ എമാരെയും ഭാരവാഹിയാക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്. ഒരാള്‍ക്ക് ഒരു പദവിയെന്ന മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ മറ്റൊരു വിഭാഗം എം എല്‍ എമാര്‍ക്കായി വാദിക്കുകയാണ്. ഗ്രൂപ്പിലെ ആഭ്യന്തര തര്‍ക്കം ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയെയും സമ്മര്‍ദത്തിലാക്കി. നിലവിലുള്ള ഭാരവാഹികളെ കൂടാതെ ഏതാനും എം.എല്‍.എമാരെക്കൂടി കെ പി സി സി ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരാന്‍ ഐ ഗ്രൂപ്പിലെ ഒരു വിഭാഗം നിലകൊള്ളുന്നതാണ് തര്‍ക്കത്തിന് കാരണം.

ഐ ഗ്രൂപ്പിലെ കോര്‍ ഗ്രൂപ്പ് ഏറെക്കുറെ ഈ വിഷയത്തില്‍ രണ്ട് ചേരിയായി. അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ കഴിയാത്തതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളത്തും കോഴിക്കോടും ചേരാന്‍ തീരുമാനിച്ച ഐ ഗ്രൂപ്പ് കോര്‍ ഗ്രൂപ്പ് മീറ്റിങ് ചേരാന്‍ കഴിഞ്ഞില്ല. എം എല്‍ എമാരെ ഉള്‍പ്പെടുത്തിയാല്‍ പുറത്തുപോകേണ്ടി വരുന്ന കെ പി സി സി ഭാരവാഹികള്‍ അമര്‍ഷത്തിലാണ്. കെ പി സി സി ഭാരവാഹിയായി ഏറെക്കാലം കഴിഞ്ഞ ചിലരെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിനെതിരെയും പരാതിയുണ്ട്. തദ്ദേശസ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ എം.എല്‍.എമാരെ ഭാരവാഹികളാക്കുന്നതുകൊണ്ട് ഗുണം ചെയ്യില്ലെന്ന നിലപാടും കെ പി സി സി നേതൃത്വത്തിനുണ്ട്. കെ പി സി സി പുനസംഘടനാ ചര്‍ച്ചയിലെ പ്രധാന മാനദണ്ഡമായി ഉയര്‍ന്നത് ഒരാള്‍ക്ക് ഒരു പദവി എന്നതാണ്. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഈ മാനദണ്ഡം പാലിക്കണമെന്ന് വാദിക്കുന്നു.

ഈ മാനദണ്ഡം അംഗീകരിച്ച, എ ഗ്രൂപ്പ് എം.പിമാരെയം എം എല്‍ എമാരെയും ഒഴിവാക്കിയാണ് ഗ്രൂപ്പിന്റെ ഭാരവാഹി സാധ്യതാപട്ടിക തയാറാക്കിയത്. എന്നാല്‍ ഐ ഗ്രൂപ്പില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല ഈ വിഷയം ഇപ്പോള്‍ ഐ ഗ്രൂപ്പിലെ ആഭ്യന്തര തര്‍ക്കമായി വളരുകയും ചെയ്തു. അതേസമയം, എം എല്‍ എമാരുടെ സമ്മര്‍ദ്ദം ഉള്ളതിനാല്‍ ഐ ഗ്രൂപ്പ് നേതാവ് കൂടിയായ രമേശ് ചെന്നിത്തലക്ക് അന്തിമ തീരുമാനെടുക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *