തിരുവനന്തപുരം: ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെ.ടി. ജലീല്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും ലോകായുക്ത. ബന്ധുനിയമനത്തില്‍ ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ലോകായുക്ത കണ്ടെത്തി. മുഖ്യമന്ത്രി തുടര്‍നടപടിയെടുക്കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു.
ജലീല്‍ ബന്ധു അദീബിനെ ന്യൂനപക്ഷ കോര്‍പ്പറേഷനില്‍ നിയമിച്ചത് ചട്ടലംഘനമാണെന്നും ജസ്റ്റീസുമാരായ സിറിയക് ജോസഫ്, ഹാറൂണ്‍ അല്‍ റഷീദ് എന്നിവര്‍ കണ്ടെത്തി. ജലീലിനെതിരായ ആരോപണം പൂര്‍ണമായും സത്യമാണെന്നും അദ്ദേഹം സ്വജനപക്ഷപാതം കാട്ടിയെന്നും അദ്ദേഹത്തിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കും.
ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തു എന്നാണ് ആരോപണം. വി.കെ. മുഹമ്മദ് ഷാഫി എന്ന ആളാണ് പരാതി നല്‍കിയിരുന്നത്. പരാതിയില്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്ന് ലോകായുക്ത കണ്ടെത്തി.