രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 1.45 ലക്ഷം കടന്നു

India Latest News

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും ഗണ്യമായി വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പോസിറ്റീവ് കേസുകളും 794 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 10,46,631 ആയി. രോഗമുക്തി നിരക്ക് 91 ശതമാനമായി താഴ്ന്നു.

മഹാരാഷ്ട്രയില്‍ ഇന്നുമുതല്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. ഇന്ന് രാത്രി 8 മണി മുതല്‍ തിങ്കളാഴ്ച രാവിലെ 7 മണി വരെയാണ് ലോക്ക്ഡൗണ്‍. തമിഴ്നാടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള എല്ലാവരും അടുത്ത രണ്ടാഴ്ചക്കകം വാക്സിന്‍ സ്വീകരിക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.

സംസ്ഥാനത്ത് 17 ലക്ഷ്യം വാക്സിന്‍ ഡോസുകള്‍ നിലവിലുണ്ടെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു. ഏപ്രില്‍ 10 മുതല്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. വിവാഹ ചടങ്ങുകളില്‍ 100 പേര്‍ക്ക് മാത്രമേ അനുമതി നല്‍കൂ. ശവസംസ്‌കാര ചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് പങ്കെടുക്കാം.

ഉത്തര്‍പ്രദേശ് സര്‍ക്കാരും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നോയിഡയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 10 മണി മുതല്‍ രാവിലെ 7 മണി വരെ ആണ് കര്‍ഫ്യൂ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. ഏപ്രില്‍ 17 വരെയാണ് നിയന്ത്രണം.

Leave a Reply

Your email address will not be published. Required fields are marked *