തിരുവനന്തപുരം: തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന ബിജെപിയുടെ വികസന രേഖ പുറത്തിറക്കി. കേന്ദ്ര ടൂറിസം- വനം പരിസ്ഥിതി മന്ത്രി ഡോ. മഹേഷ് ശര്‍മ്മയാണ് വികസന രേഖ പുറത്തിറക്കിയത്. തിരുവനന്തപുരം നഗരത്തെ പൈതൃക നഗരം, മഹാനഗരം എന്നിങ്ങനെ രണ്ട് നഗരങ്ങളായി വികസിപ്പിക്കുമെന്ന് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.
പദ്മനാഭസ്വാമി ക്ഷേത്രം പൈതൃക സ്വത്തായി സംരക്ഷിക്കും, വിമാനത്താവളത്തെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തും, കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക പാക്കേജ്, ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ നവീകരണം, പൂന്തുറയില്‍ മത്സ്യബന്ധന തുറമുഖം, ടെക്നോപാര്‍ക്കിനെ ഏഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഹബ്ബാക്കല്‍, ഹൈക്കോടതി ബഞ്ചിന്റെ പുനസ്ഥാപനം, എംയിസ് അനുവദിപ്പിക്കല്‍, മണ്ഡലത്തിലെ നദികളുടെ ശുചീകരണം എന്നിവയൊക്കെ ബിജെപി ഉറപ്പ് നല്‍കുന്നുണ്ട്. പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ എന്നീ വിഭാഗങ്ങള്‍ക്ക് പ്രത്യേക പദ്ധതികളും പത്രിക വാഗ്ദാനം ചെയ്യുന്നു.
ആര് എസ് നായര്‍, ഡോ. അതിയന്നൂര്‍ ശ്രീകുമാര്‍, പാറശാല ബാലചന്ദ്രന് എന്നിവരടങ്ങിയ സമിതിയാണ് പ്രകടന പത്രിക തയ്യാറാക്കിയത്. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ് സുരേഷ് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്, സംസ്ഥാന സെക്രട്ടറി അഡ്വ ജെ ആര് പത്മകുമാര്‍, രഞ്ജിത് കാര്ത്തികേയന് എന്നിവരും പങ്കെടുത്തു