കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. ബിപിസിഎല്‍, കൊച്ചിന് റിഫൈനറീസ്, കൊച്ചി തുറമുഖം എന്നിവിടങ്ങളില്‍ നടപ്പാക്കുന്ന 6100 കോടിരൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്. ബി.ജെ.പിയുടെ നിര്‍ണായക കോര്‍കമ്മിറ്റി യോഗത്തിലും മോദി പങ്കെടുക്കും.
ചെന്നൈയില്‍ നിന്ന് തിരിച്ച് ഉച്ചക്ക് 2.45ന് നാവിക ആസ്ഥാനത്തെ ഐ.എന്‍.എസ് ഗരുഡ വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ രാജഗിരി ഹെലിപ്പാഡിലേക്ക് തിരിക്കും. റിഫൈനറീസ് കാമ്ബസ് വേദിയില്‍ വൈകീട്ട് 3.30ന് നടക്കുന്ന പരിപാടിയില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് പ്രവേശനം. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് അധ്യക്ഷനാകും.
അമ്ബലമുകളിലെ ബി.പി.സി.എല്‍. റിഫൈനറിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രൊപ്പലൈന്‍ ഡെറിവേറ്റീവ്സ് പെട്രോ കെമിക്കല്‍ കോംപ്ലക്സ്, വില്ലിങ്ടണ്‍ ഐലന്‍ഡിലെ ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോറിറ്റിയുടെ റോ-റോള്‍ വെസല്‍സ്, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന്‍െറ ഇന്റര്‍നാഷനല്‍ ക്രൂസ് ടെര്‍മിനല്‍, കൊച്ചിന് ഷിപ് യാര്‍ഡിന്‍െറ മറൈന്‍ എന്‍ജിനീയറിങ് െട്രയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ‘വിജ്ഞാന് സാഗര്‍’ എന്നിവയാണ് നാടിന് സമര്‍പ്പിക്കുക. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന്‍െറ സൗത്ത് കോള്‍ ബര്‍ത്തിന്‍െറ കല്ലിടലും അദ്ദേഹം നിര്‍വഹിക്കും.
നാല് കേന്ദ്ര മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കൊച്ചിയിലെത്തിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങുകള്‍ പൂര്‍ത്തീയാക്കി വൈകീട്ട് 5.55ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ഡല്‍ഹിക്ക് മടങ്ങും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര മന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്, മന്‍സൂഖ് എല്‍. മണ്ഡവ്യ എന്നിവര്‍ പങ്കെടുക്കും.