ദക്ഷിണേന്ത്യ പിടിക്കാന്‍ ബി ജെ പി നീക്കം; വിഷുക്കണി ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമലയിലേക്ക് ?

Latest News

 

ആര്‍ അജിരാജകുമാര്‍

ന്യൂഡല്‍ഹി: വിഷുക്കണി ദര്‍ശനത്തിന് ശബരിമലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കുമെന്ന് സൂചന. പമ്പാഗണപതി കോവിലില്‍ ഇരുമുടിക്കെട്ട് മുറുക്കിയ ശേഷം ശബരിമല ദര്‍ശനം നടത്തുന്നതിനുള്ള ഒരുക്കങ്ങളാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ ആലോചിക്കുന്നത്. സംസ്ഥാന ആര്‍ എസ് എസ് നേതൃത്വം പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കേരളത്തില്‍ മോദിയുടെ ശബരിമല ദര്‍ശനം ഹൈന്ദവ വിശ്വാസ സമൂഹത്തിനിടെ സൃഷ്ടിച്ചേക്കാവുന്ന അനുകൂല തരംഗത്തിന്റെ വ്യാപ്തി വിശദമാക്കിയതായാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഈമാസം 12 ന് കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം 16ാം തീയതി കേരളത്തില്‍ എത്തുന്ന മോദി വിഷുവിനോട് അനുബന്ധിച്ച് ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനുള്ള ഒരുക്കങ്ങളാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നടത്തുന്നത്. അതേസമയം ശബരിമല ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭ്യമായിട്ടില്ല. കേരളത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ വിജയപ്രതീക്ഷയുമായി മുന്നേറുന്ന ബി ജെ പിക്ക് വലിയ ആത്മവിശ്വാസം നല്‍കാന്‍ മോദിയുടെ ശബരിമല ദര്‍ശനം വഴിവെക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്.

ശബരിമലയില്‍ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ട നിലപാടുകള്‍ ലക്ഷക്കണക്കിന് വരുന്ന ശബരിമല വിശ്വാസികളുടെ വികാരങ്ങള്‍ക്ക് മുറിവേല്‍പ്പിച്ചിരുന്നു. ക്ഷേത്രത്തില്‍ യുവതികളെ
പ്രവേശിപ്പിക്കാതിരിക്കാന്‍ ബി ജെ പിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും നേതൃത്വത്തില്‍ ഒരുമാസത്തിലധികം നീണ്ട പ്രക്ഷോഭ പരിപാടികളാണ് സന്നിധാനത്തും കേരളത്തിന്റെ വിവിധ ജില്ലകളിലും അരങ്ങേറിയത്. നൂറുകണക്കിന് ബി ജെ പി ആര്‍ എസ് എസ് പ്രവര്‍ത്തകരെ പോലീസ് കേസുകള്‍ ചുമത്തി ജയിലില്‍ അടയ്ക്കുന്ന
സ്ഥിതിയില്‍ വരെ എത്തി കാര്യങ്ങള്‍. ഇത്തരം വൈകാരികമായ സാഹചര്യങ്ങള്‍ക്കിടെ എത്തിയ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹൈന്ദവ സമൂഹത്തിന്റെ സംരക്ഷകരായി നിലകൊള്ളാനുള്ള ബി ജെ പിയുടെ നീക്കങ്ങള്‍ക്ക് കൂടുതല്‍ ശക്തിയും കരുത്തും പകരാന്‍ പ്രധാനമന്ത്രിയുടെ ശബരിമല ദര്‍ശനം കാരണമാകും. കേരളത്തിലെ വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിലൂടെ കേരളത്തിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് അനുകൂലമായ വികാരം സൃഷ്ടിക്കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ വന്‍ പ്രചരണമാണ് നടത്തിവരുന്നത്. പ്രിയങ്കയും രാഹുലും പങ്കെടുത്ത റോഡ് ഷോയില്‍ വയനാട്ടില്‍ തടിച്ചുകൂടിയ ജനപങ്കാളിത്വം വലിയ ആത്മവിശ്വാസം കോണ്‍ഗ്രസിന് കരുത്തുനല്‍കുന്നു.

ശബരിമല ദര്‍ശത്തിന് എത്തുക വഴി ദക്ഷിണേന്ത്യയിലെ കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തമാരുടെ വികാരങ്ങള്‍ക്കൊപ്പം താനുമുണ്ടെന്ന് അടിവരയിടാന്‍ മോദിയുടെ നീക്കങ്ങള്‍ വോട്ടര്‍മാര്‍ക്കിടയില്‍ ചലനമുണ്ടാക്കിയേക്കും. അതേസമയം, ദക്ഷിണേന്ത്യയിലെ കോടിക്കണക്കിന് അയ്യപ്പ വിശ്വാസികളുടെ പുണ്യതീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ മോദിയുടെ അപ്രതീക്ഷിത സന്ദര്‍ശനം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വലിയ വിജയം സമ്മാനിക്കുമെന്ന വിലയിരുത്തലും രാഷ്ട്രീയ കേന്ദ്രങ്ങള്‍ നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *