മുഹമ്മദിന് ചികില്‍സാ സഹായമായി ലഭിച്ചത് 46.78 കോടി

Kerala Latest News

തിരുവനന്തപുരം: സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കണ്ണൂര്‍ മാട്ടൂലിരിലെ ഒന്നരവയസുകാരന്‍ മുഹമ്മദിനായി പിരിച്ചത് 46.78 കോടി രൂപ. രണ്ട് ബാങ്ക് അക്കൗണ്ട് വഴിയാണ് പണം സമാഹരിച്ചത്. എം. വിജിന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള ചികിത്സാ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്. 7,70,000 പേരാണ് ഇത്രയും പണം നല്‍കിയതെന്നും ചികിത്സാ കമ്മിറ്റി അറിയിച്ചു. മുഹമ്മദിനുള്ള മരുന്ന് അടുത്ത മാസം ആറിന് നാട്ടിലെത്തുമെന്നും എംഎല്‍എ പറഞ്ഞു.

അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കണ്ണൂര്‍ മാട്ടൂല്‍ കപ്പാലം സ്വദേശി മുഹമ്മദിന്റെ ജീവിതം വാര്‍ത്തകളില്‍ ഇടം നേടിയിരിന്നു. മുഹമ്മദിന്റെ സഹോദരി അഫ്രയും ഇതേ രോഗത്താല്‍ ദുരിതമനുഭവിക്കുന്ന കുട്ടിയാണ്. രോഗം തിരിച്ചറിയാന്‍ വൈകിയതോടെയാണ് അഫ്ര വീല്‍ചെയറിലായത്. അഫ്രയെ ബാധിച്ച രോഗം മുഹമ്മദിനും കണ്ടെത്തിയതോടെ സഹായം അഭ്യര്‍ത്ഥിച്ച് കുടുംബം രംഗത്തെത്തുകയായിരുന്നു.

മുഹമ്മദിന് രണ്ട് വയസ് ആകുന്നതിന് മുന്‍പ് സോള്‍ജന്‍സ്മ എന്ന ലോകത്തിലെ വിലകൂടിയ മരുന്ന് ഒരു ഡോസ് കുത്തിവയ്ക്കണമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. സംഭവം വാര്‍ത്തയായതോടെ മുഹമ്മദിനായി ലോകം കൈകോര്‍ത്തു. ആറ് ദിവസം കൊണ്ടാണ് മരുന്നിന് ആവശ്യമായ പതിനെട്ട് രൂപ സമാഹരിച്ചത്. ബാക്കിവരുന്ന തുക സമാന രോഗത്താല്‍ കഷ്ടത അനുഭവിക്കുന്ന മറ്റുള്ള കുട്ടികളുടെ ചികിത്സയ്ക്ക് നല്‍കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *