എറണാകുളത്ത് ടൗൺഹാളിന് സമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിലുണ്ടായ തർക്കത്തിൽ ഒരാളെ കുത്തിക്കൊന്നു. കൊല്ലം സ്വദേശി എഡിസണാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും അപരിചിതരാണെന്നു പറയുന്നു. എഡിസണിന്റെ മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
പ്രതി ടൗൺഹാളിന് സമീപം ലോഡ്ജിൽ താമസിക്കുന്ന മുളവുകാട് സ്വദേശിയാണെന്നും പൊലീസ് പറയുന്നു. കുത്തിയ ശേഷം ഇയാൾ രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടി നഗരത്തിൽ തിരച്ചിൽ തുടരുകയാണ്.
ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന എഡിസണെ കഴുത്തിൽ കുത്തുകയായിരുന്നു. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. നോർത്ത് പാലത്തിനടിയിൽ പ്രവർത്തിക്കുന്ന ആനന്ദ് ബിഹാർ എന്ന ഹോട്ടലിന് മുന്നിലാണ് കൊലപാതകം നടന്നത്. ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഇരുവരും. കുത്തിയതിന് ശേഷം പ്രതി റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കാണ് പോയത്. ഇവിടെയുള്ള സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു