തിരുവനന്തപുരം: സ്വര്‍ണക്കടത്തിലെ പ്രതികള്‍ ഉന്നയിച്ച ഡോളര്‍ക്കടത്ത് ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിഞ്ഞ് മറുപടി പറയണമെന്ന് ചൂണ്ടിക്കാട്ടി ചോദ്യോത്തര വേളക്കിടെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്ക്കരിച്ചു.
വിദേശ കറന്‍സി കടത്തിയെന്ന പ്രതി സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ മൊഴിയില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ബാനറുമായി എത്തിയായിരുന്നു പ്രതിഷേധം. ചോദ്യോത്തര വേള തടസപ്പെടുത്തരുതെന്നും പല സുപ്രധാന വിഷയങ്ങളിലും മന്ത്രിമാര്‍ക്ക് മറുപടി പറയാനുണ്ടെന്നും സ്പീക്കര്‍ എം.ബി. രാജേഷ് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു.
വിഷയത്തില്‍ പുതുതായി ഒന്നും പ്രതികരിക്കാനില്ലെന്നും കേസ് കോടതിയുടെ പരിഗണനയില്‍ ആണെന്നും അത്തരം വിഷയങ്ങള്‍ സഭയില്‍ പരിഗണിക്കാന്‍ അനുമതി നല്‍കാനാകില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. എന്നാല്‍ ഇത് അവഗണിച്ച പ്രതിപക്ഷം നിയമസഭ ബഹിഷ്ക്കരിക്കുകയായിരുന്നു. കഴിഞ്ഞദിവസം സഭ ബഹിഷ്കരിച്ച പ്രതിപക്ഷം നിയമസഭക്ക് പുറത്ത് സമാന്തര സഭ സമ്മേളിച്ചിരുന്നു.