സ്വന്തം ലേഖകന്‍
കോട്ടയം: ഹൈന്ദവ സ്ത്രീകളെ മോശമായി ചിത്രീകരിച്ച് ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമി വാരികയ്ക്കും മാനേജ്മെന്റിനുമെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് എന്‍ എസ് എസ്. ഓഗസ്റ്റ് ഒന്നുമുതല്‍ മാതൃഭൂമി പത്രം ബഹിഷ്ക്കരിക്കണമെന്ന് കരയോഗങ്ങള്‍ക്ക് എന്‍ എസ് എസ് കേന്ദ്ര ഓഫീസില്‍ നിന്നും നിര്‍ദ്ദേശം നല്കി. പത്രത്തിനെതിരായുള്ള പ്രചരണം നടത്തുന്നത് ഹീനശക്തികളെന്ന ആരോപണം ആവര്‍ത്തിച്ച് മാതൃഭൂമി ദിനപത്രം ഇന്ന് മുഖപ്രസംഗം എഴുതിയതാണ് എന്‍ എസ് എസിനെ ചൊടിപ്പിച്ചത്.
നേരത്തെ മാതൃഭൂമി ബഹിഷ്ക്കരണവുമായി ഹിന്ദു ഐക്യവേദി ഉള്‍പ്പടെയുള്ള സംഘടനകള്‍ സോഷ്യല്‍ മീഡിയകളിലൂടെ രംഗത്തെത്തിയിരുന്നു. ഓഗസ്റ്റ് ഒന്നുമുതല്‍ മാതൃഭൂമി പത്രം ബഹിഷ്ക്കരിക്കാന്‍ വിവിധ താലൂക്ക് യൂണിയന് സെക്രട്ടറിമാരോട് കരയോഗം ഭാരവാഹികള്‍ക്ക് അറിയിപ്പ് നല്കി. കേന്ദ്ര നേതൃത്വം വാക്കാല്‍ നല്കിയ നിര്‍ദ്ദേശം അംഗങ്ങളുടെ വീടുകളിലെത്തി അറിയിക്കാനാണ് താലൂക്ക് യൂണിയന് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് ആകെ 110 താലൂക്ക് യൂണിയനുകളും 6000 ഓളം കരയോഗങ്ങളുമാണ് എന്‍ എസ് എസിനുള്ളത്. കരയോഗം അംഗങ്ങളുടെ കുടുംബത്തില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ പത്രം ഇടുന്നത് നിര്‍ത്തണമെന്നാണ് നിര്‍ദ്ദേശം. ഹിന്ദു വിരുദ്ധമായ സമീപനം സ്വീകരിക്കുന്ന മാതൃഭൂമി പത്രത്തിന്റെ നിലപാടിനെതിരെ സമുദായം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും, പത്രം ഉള്‍പ്പടെ മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ ബഹിഷ്ക്കരിക്കാനുമാണ് ആഹ്വാനം.
ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശം അടങ്ങിയ എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്‍എസ്എസ് കരയോഗങ്ങളിലും മറ്റും ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. എസ് ഹരീഷ് ആഴ്ചപതിപ്പില്‍ നോവല്‍ പ്രസിദ്ധീകരിക്കുന്നത് പിന്‍വലിച്ചുവെങ്കിലും ഹിന്ദു സമൂഹത്തെ കുറ്റപ്പെടുത്തുന്ന നിലപാടാണ് മാതൃഭൂമി സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. മാതൃഭൂമിക്കെതിരായ പ്രതിഷേധങ്ങളെ വര്‍ഗ്ഗീയ നിലപാട് എന്ന രീതിയിലാണ് മാതൃഭൂമി ചിത്രീകരിച്ചത്. ഈ സാഹചര്യത്തില്‍ പത്ര ബഹിഷ്ക്കരണം ഉള്‍പ്പടെയുള്ള കടുത്ത തീരുമാനങ്ങളുമായി മുന്നോട്ട് പോവാതെ പോം വഴിയില്ലെന്നാണ് എന്‍എസ്എസ് നിലപാട്. നായര്‍ സമുദായാംഗങ്ങളില്‍ ഏഴുപത് ശതമാനത്തോളം പേര് മാതൃഭൂമി ദിനപത്രത്തിന്റെ വരിക്കാരാണെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. സമുദായാംഗങ്ങള്‍ കൂട്ടത്തോടെ പത്രം ബഹിഷ്കരിക്കുന്നതോടെ മലയാളത്തിലെ രണ്ടാമത്തെ ദിനപത്രത്തിന്റെ മുന്നോട്ടുള്ള യാത്ര പ്രതിസന്ധിയിലാകുന്ന സ്ഥിതിയാണ്.
മാതൃഭൂമി പത്രത്തിനെതിരായുള്ള പ്രചരണം നടത്തുന്നത് ഹീനശക്തികളെന്ന ആരോപണം ആവര്‍ത്തിച്ച് മാതൃഭൂമി ദിനപത്രം ഇന്ന് മുഖപ്രസംഗം എഴുതിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയും ചെയ്തിരിക്കുന്നു. അതേസമയം, ഹിന്ദു വിരുദ്ധ നിലപാട് മാതൃഭൂമി പതിവായി സ്വീകരിക്കുന്നുണ്ടെന്നും, ഇത് ഇനി അനുവദിക്കാനാവില്ലെന്നും ഹിന്ദു സംഘടനാ നേതാക്കള്‍ പറയുന്നു. മാതൃഭൂമി പത്രം വരിക്കാരില്‍ ഇതിനകം ലക്ഷക്കണക്കിന് പേരാണ് പത്രം ബഹിഷ്ക്കരിച്ചതെന്നും ഇവര്‍ അവകാശപ്പെടുന്നു.